ദോഹ: നവംബറില്‍ രാജ്യത്ത് 2,429 കമ്പനികള്‍ രജിസ്റ്റര്‍ചെയ്തതായി സാമ്പത്തിക വാണിജ്യ മന്ത്രാലയം. പ്രധാനപ്പെട്ട പുതിയ 1,787 കമ്പനികളും പുതിയ അനുബന്ധസ്ഥാപനങ്ങള്‍ തുടങ്ങാന്‍ 642 കമ്പനികളുമാണ് രജിസ്റ്റര്‍ചെയ്തത്. പ്രധാന ബിസിനസുകളില്‍ ലിമിറ്റഡ് ലയബിലിറ്റി കമ്പനികളാണ് 62 ശതമാനവും. ഏക ഉടമസ്ഥതയിലുള്ള ലിമിറ്റഡ് ലയബിലിറ്റി കമ്പനികള്‍ 27 ശതമാനവും വ്യക്തിഗത സ്ഥാപനങ്ങള്‍ പത്ത് ശതമാനവുമാണ് പുതുതായുള്ളത്.

നിര്‍മാണമേഖലയിലാണ് കൂടുതല്‍ കമ്പനികളും രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. 1,225 എണ്ണം നിര്‍മാണമേഖലയിലും 864 എണ്ണം ഗ്രോസറി-വിതരണ മേഖലയിലും 980 എണ്ണം ഭക്ഷണശാല-കഫറ്റീരിയ വിഭാഗത്തിലും ഐസ് ക്രീം വില്‍പ്പനശാലകള്‍ക്കുമാണ് അനുവദിച്ചിരിക്കുന്നത്. നിര്‍മാണസാമഗ്രികളുടെ വ്യാപാരത്തിനായി 750 എണ്ണവും അനുവദിച്ചിട്ടുണ്ട്. നവംബറില്‍ പുതിയതോ അല്ലെങ്കില്‍ നവീകരിച്ചതോ പുതുക്കിയതോ ആയ 9,536 വാണിജ്യ ലൈസന്‍സുകളാണ് നല്‍കിയിരിക്കുന്നത്. പുതിയ ലൈസന്‍സുകള്‍ 1,712-ഉം ഭേദഗതി ചെയ്തവ 1,019-ഉം പുതുക്കിയത് 6,805 ലൈസന്‍സുമാണ്.

309 കമ്പനികളാണ് നവംബറില്‍ പൂട്ടിയത്. ഇവയില്‍ പുതിയ 13 ശതമാനം കമ്പനികളാണ് അടച്ചത്. മന്ത്രാലയത്തിന്റെ വിവിധശാഖകളില്‍ നവംബറില്‍ 33,576 ഇടപാടുകളാണ് നടത്തിയത്. 59 പുതിയ പേറ്റന്റ് അപേക്ഷകളാണ് ലഭിച്ചത്. 181 എണ്ണം പുതുക്കി, 4,448 പുതിയ വാണിജ്യമുദ്രകള്‍ രജിസ്റ്റര്‍ചെയ്തു. പതിന്നാല് പകര്‍പ്പവകാശ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.