ദോഹ: ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന 28-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള മികച്ച പുസ്തക വില്‍പ്പനയ്ക്ക് വേദിയൊരുക്കി ചൊവ്വാഴ്ച സമാപിച്ചു . കുട്ടികളുടെ പുസ്തകങ്ങള്‍ കൂടാതെ ചരിത്ര, രാഷ്ട്രീയ പുസ്തകങ്ങളാണ് വായനക്കാര്‍ കൂടുതലും വാങ്ങിയത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ പുസ്തകങ്ങള്‍ വാങ്ങുന്നതില്‍ വലിയ താത്പര്യം പ്രകടിപ്പിച്ചതായി പ്രദര്‍ശകര്‍ വ്യക്തമാക്കി. പ്രതിദിനം ഇരുപതിലധികം പുസ്തകങ്ങളാണ് ഒട്ടുമിക്ക ബൂത്തുകളില്‍നിന്നും വിറ്റഴിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പുസ്തകങ്ങള്‍ തേടിയെത്തിയവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്ന് മൂന്നാംതവണയും മേളയില്‍ പങ്കെടുത്ത കുവൈത്തി പ്രസാധക കമ്പനി പ്രതിനിധി മൊഹ് യീ അല്‍ ദീന്‍ പറഞ്ഞു.

കുട്ടികളുടെ താത്പര്യങ്ങള്‍ക്ക് രക്ഷിതാക്കള്‍ കൂടുതല്‍ പരിഗണനനല്‍കാന്‍ തുടങ്ങിയതിനാല്‍ കുട്ടികളുടെ പുസ്തകങ്ങള്‍ക്കും ഗെയിമുകള്‍ക്കും ഇത്തവണ ആവശ്യകത വര്‍ധിച്ചുവെന്ന് മറ്റൊരു പ്രദര്‍ശകന്‍ നൂര്‍ അഭിപ്രായപ്പെട്ടു. വ്യക്തികള്‍ മാത്രമല്ല നിരവധി സ്ഥാപനങ്ങളില്‍നിന്നും പുസ്തകം വാങ്ങാന്‍ എത്തിയവരുടെ എണ്ണം കൂടുതലാണ്. എല്ലാ ബൂത്തുകളിലും വിലക്കിഴിവ് നല്‍കുന്നതിനൊപ്പം മിതമായ നിരക്കിലാണ് പുസ്തകങ്ങള്‍ വിറ്റഴിച്ചത്. ഏഴ് ദിവസം നീണ്ട പുസ്തകമേളയില്‍ ഇത്തവണ 29 അറബ്, വിദേശ രാജ്യങ്ങളില്‍ നിന്നായി 355 പ്രസാധകരാണ് പങ്കെടുത്തത്. മേളയുടെ അവസാന ദിവസങ്ങളിലാണ് തിരക്കേറിയത്. കവിതാ സായാഹ്നങ്ങളും സംവാദങ്ങളും പുസ്തക പ്രകാശനവും സാംസ്‌കാരിക, വിനോദ പരിപാടികളുമായി വായനാശീലത്തിന്റെ സംസ്‌കാരം ഉറപ്പാക്കിയാണ് 28-ാമത് മേള സമാപിച്ചത്.