ദോഹ: ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ച മൂന്നാമത് അന്താരാഷ്ട്ര ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ-ഭക്ഷണശാല-കഫേ (ഹൊറേകാ) വ്യാപാര പ്രദർശന (ഹോസ്പിറ്റാലിറ്റി ഖത്തർ) ത്തിൽ മികച്ച പങ്കാളിത്തം.  സാമ്പത്തിക-വാണിജ്യ മന്ത്രി ശൈഖ് അഹമ്മദ് ബിൻ ജാസ്സിം അൽതാനിയാണ് ചൊവ്വാഴ്ച പ്രദർശനം ഉദ്ഘാടനംചെയ്തത്. പതിനാറ്് രാജ്യങ്ങളിൽനിന്നുള്ള 153 പ്രദർശകരാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. 2030 ഖത്തർ ദേശീയ ദർശന രേഖ കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവത്കരണ നയത്തെ പിന്തുണയ്ക്കുന്ന പ്രധാന ഘടകമാണ് ടൂറിസം മേഖലയെന്ന് മന്ത്രി പറഞ്ഞു. 

നിരവധി പദ്ധതികൾ നടപ്പാക്കുന്നതിലൂടെയാണ് ടൂറിസം, ഹോട്ടൽ മേഖലകളുടെ വളർച്ചയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, തുർക്കി തുടങ്ങിയ പ്രധാന രാജ്യങ്ങളും ഇത്തവണ ആദ്യമായി ഇറാനും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.  രാജ്യത്തെ ഹോട്ടൽ മേഖലയ്ക്ക് ഉണർവേകുന്നതാണ് പ്രദർശനം. ഹോസ്പിറ്റാലിറ്റി രംഗത്തെ നിക്ഷേപകർ, ഹോട്ടലുകാർ, ഭക്ഷണശാല ഉടമകൾ, കഫേ പ്രതിനിധികൾ, വിതരണക്കാർ തുടങ്ങി വലിയ പങ്കാളിത്തത്തോടെയാണ് പ്രദർശനത്തിന് തുടക്കമായത്. പ്രദർശനത്തിന്റെ എല്ലാ വശങ്ങളും 360 ഡിഗ്രി കോണിൽ സന്ദർശകർക്കും പങ്കാളികൾക്കും ആസ്വദിക്കാൻ കഴിയും. 

ഇത്തവണ ഭക്ഷ്യ, കാറ്ററിങ് മേഖലയ്ക്കായി പ്രത്യേക വേദിയും പ്രദർശനത്തിലുണ്ട്. ഹലാൽ ഉത്പന്നങ്ങൾ, ധാന്യങ്ങൾ, പഴം, പച്ചക്കറി, ചായ, കാപ്പി, ഇറച്ചി, കോഴി, ജൈവ ഉത്പന്നങ്ങൾ, ക്ഷീര ഉത്പന്നങ്ങൾ, ശീതീകരിച്ച ഭക്ഷണസാധനങ്ങൾ, വറുത്തവ തുടങ്ങിയവെയല്ലാം ഫുഡ് ഖത്തർ വിഭാഗത്തിലുണ്ട്. മൂന്നുദിവസത്തെ പ്രദർശനം വ്യാഴാഴ്ച സമാപിക്കും.  ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.