ദോഹ: അല്‍ശമാല്‍ നഗരത്തിന്റെയും റുവൈസിന്റെയും വികസനം ലക്ഷ്യമിട്ട് പൊതുമരാമത്ത് വകുപ്പ് (അഷ്ഘാല്‍) 220 കോടി റിയാലിന്റെ പദ്ധതികള്‍ നടപ്പാക്കുന്നു.

2022-ല്‍ പൂര്‍ത്തിയാക്കുന്ന തരത്തില്‍ ഇരുപതിലധികം പദ്ധതികളാണ് അല്‍ശമാലിലും റുവൈസിലുമായി നടപ്പാക്കുന്നത്. അല്‍ ശമാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന യോഗത്തില്‍ അഷ്ഘാല്‍ ചെയര്‍മാന്‍ ഡോ. സാദ്ബിന്‍ അഹമ്മദ് അല്‍ മുഹന്നദിയാണ് ഇക്കാര്യം അറിയിച്ചത്. റോഡുകളുടെ വികസനം, അടിസ്ഥാന സൗകര്യം, മലിനജല വിതരണശൃംഖല, കെട്ടിടങ്ങള്‍ എന്നിവയാണ് അല്‍ശമാല്‍ നഗരത്തിലെയും അല്‍ റുവൈസിലേയും പദ്ധതികളില്‍ ഉള്‍പ്പെടുന്നത്.

220 കോടി റിയാലിന്റെ പദ്ധതികളില്‍ പൂര്‍ത്തിയാക്കിയ 140 കോടി റിയാലിന്റെ പദ്ധതികള്‍ ഉള്‍പ്പെടെ പുതിയ പദ്ധതികളിലുമായി 3,600-ഓളം പ്ലോട്ടുകള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. 85 കോടി റിയാലിന്റെ പദ്ധതികളില്‍ അല്‍ ശമാല്‍ നഗരത്തില്‍ ആരോഗ്യ, വെല്‍നസ് കേന്ദ്രത്തിന്റെ നിര്‍മാണവും ഉള്‍പ്പെടുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണത്തിനായി 14.4 കോടി റിയാലിന്റെ കരാര്‍ അല്‍ ജാബര്‍ ട്രേഡിങ് കമ്പനിയുമായി അല്‍ ശമാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന യോഗത്തില്‍ അഷ്ഘാല്‍ ഒപ്പുവെച്ചു. 315 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള കേന്ദ്രം 2020 നാലാം പാദത്തില്‍ പൂര്‍ത്തിയാകും.

നിലവിലെ പ്രാദേശിക, ഉള്‍ റോഡുകളുടെ വികസനം ഉള്‍പ്പെടെ 73 കിലോമീറ്റര്‍ റോഡാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. കൂടാതെ 91 കിലോമീറ്റര്‍ നീളത്തിലുള്ള പുതിയ മലിനജല ശൃംഖലയും 12 ഇന്റര്‍സെക്ഷനുകളും 28 കിലോമീറ്റര്‍ നടപ്പാതകളും 8,000-ത്തോളം പാര്‍ക്കിങ് സ്ഥലവും 3,680-ഓളം വിളക്കുകളും ആയിരത്തോളം ഗതാഗത അടയാള ബോര്‍ഡുകളുമാണ് നിര്‍മിക്കുകയെന്ന് അഷ്ഘാല്‍ റോഡ് പദ്ധതി ഡയറക്ടര്‍ എന്‍ജിനീയര്‍ സൗദ് അല്‍ തമീം വിശദീകരിച്ചു. അല്‍ശമാല്‍ നഗരത്തിന് പടിഞ്ഞാറ്് ചെമ്മീന്‍ വളര്‍ത്തല്‍ കേന്ദ്രത്തിലേക്കുള്ള റോഡ് നിര്‍മാണം, ഹുവെയ്‌ലയെ അല്‍ശമാല്‍ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന ഹുവെയ്‌ല റോഡ്, അല്‍ ശമാല്‍ മൃഗ ഫാമിലേക്കുള്ള റോഡ് എന്നിവയും നിര്‍മാണത്തിലുള്‍പ്പെടുന്നു. സെക്കന്‍ഡില്‍ 95 ലിറ്റര്‍ പമ്പിങ് ശേഷിയുള്ള മലിനജല പമ്പിങ് സ്റ്റേഷനും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.