ദോഹ: തുര്‍ക്കി സൈനികത്താവളം ഖത്തറില്‍ തന്നെ തുടരുമെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി. അങ്കാരയില്‍ തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂട്ട് കാവുസൊഗ്ലുവുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിന്നു അദ്ദേഹം. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന തുര്‍ക്കി സൈനികത്താവളം സംബന്ധിച്ചോ ഖത്തറും തുര്‍ക്കിയും തമ്മിലുള്ള സൈനിക സഹകരണം സംബന്ധിച്ചോ വിഷയം ഉന്നയിക്കാന്‍ ഒരു രാജ്യത്തിനും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിലെ തുര്‍ക്കി സൈനികത്താവളം ഖത്തര്‍ ആവശ്യപ്പെടുന്ന കാലത്തോളം തുടരുമെന്ന് നേരത്തേ തുര്‍ക്കി പ്രസിഡന്റ് ത്വയിപ് എര്‍ദോഗനും വ്യക്തമാക്കിയിരുന്നു. തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കുന്നുവെന്നാരോപിച്ച് ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാന്‍ പതിമൂന്ന് ഇന ആവശ്യങ്ങള്‍ സൗദി സഖ്യം മുന്നോട്ടുവെച്ചിരുന്നു. ഈ ആവശ്യങ്ങളിലൊന്ന് ദോഹയിലെ തുര്‍ക്കി സൈനികത്താവളം നിര്‍ത്തലാക്കുകയെന്നാണ്. അതേസമയം ഖത്തറും തുര്‍ക്കിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലുള്ള ഇടപെടല്‍ രാജ്യത്തിന്റെ വിദേശനയത്തിലുള്ള കടന്നുകയറ്റമാണെന്ന് നേരത്തെ അന്താരാഷ്ട്ര സമൂഹം ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു.

ദോഹയിലെ തുര്‍ക്കി സൈനികത്താവളം ഖത്തറിന്റെ മാത്രമല്ല, മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ളതാണെന്ന് തുര്‍ക്കി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. സൗദി സഖ്യം ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ നിമിഷം മുതല്‍ ഖത്തറിന് ശക്തമായ പിന്തുണയാണ് തുര്‍ക്കി നല്‍കുന്നത്. ടണ്‍ കണക്കിന് ഭക്ഷ്യ ഉത്പന്നങ്ങളാണ് സമുദ്ര, വ്യോമ മാര്‍ഗം രാജ്യത്തേക്ക് എത്തുന്നത്.
 
വ്യാപാര-വാണിജ്യ ബന്ധത്തിനപ്പുറം മാനുഷിക സ്‌നേഹത്തിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ ഉത്പന്നങ്ങള്‍ എത്തിക്കുന്നതെന്ന് നേരത്തെ തുര്‍ക്കി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ക്ഷീരവിപണിയെ പ്രതിസന്ധിയിലേക്ക് വീഴാതെ ശക്തമായി പിന്തുണക്കുന്നത് തുര്‍ക്കിയുടെ ക്ഷീര ഉത്പന്നങ്ങളാണ്. ഖത്തറിനുള്ള പിന്തുണ ശക്തമായി തുടരുമെന്നും ഭക്ഷ്യ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമെന്നും കഴിഞ്ഞദിവസം തുര്‍ക്കി വ്യക്തമാക്കിയിരുന്നു.