ദോഹ: സാമൂഹിക മാറ്റത്തിന് സ്ത്രീകള്‍ മുന്നിട്ടിറങ്ങണമെന്നും പുരുഷനെ ശത്രുപക്ഷത്ത് നിര്‍ത്തിയല്ല സ്ത്രീ സുരക്ഷയും ശാക്തീകരണവും സാധ്യമാക്കേണ്ടതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി വനിതാവിഭാഗം അഡ്‌ഹോക് കമ്മിറ്റി അംഗം പി. രുക്‌സാന.

'കരുത്താണ് സ്ത്രീത്വം' എന്ന തലക്കെട്ടില്‍ കള്‍ച്ചറല്‍ ഫോറം നടുമുറ്റം സംഘടിപ്പിച്ച ചര്‍ച്ച സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീയും പുരുഷനും പരസ്​പരം മനസ്സിലാക്കി ഒരുമിച്ചു മുന്നേറുമ്പോഴാണ് നീതിപൂര്‍വകവും പുരോഗമനോന്മുഖവുമായ സമൂഹം രൂപം കൊള്ളുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

തൊഴില്‍ പരമായ മൂല്യബോധവും ധാര്‍മികതയും അപ്രത്യക്ഷമാകുന്നതിന്റെ തെളിവാണ് അഭിഭാഷകരില്‍ നിന്നും നിയമപാലകരില്‍നിന്നും ജനപ്രതിനിധികളില്‍ നിന്നുമെല്ലാം കുറ്റവാളികള്‍ക്ക് കിട്ടുന്ന പിന്തുണയെന്ന് പരിപാടിയില്‍ സംസാരിച്ചവര്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ വനിതാവിഭാഗം പ്രസിഡന്റ് നഫീസത് ബീവി, മാധ്യമ പ്രവര്‍ത്തക ശ്രീദേവി ജോയി , ഫര്‍സാന, ഫസ്‌ന, റഹ്മത്ത്, മുനീറ, ബീന, സലീന, സമീര, സുഫിര ബാനു, ഷഫീന, മുബഷിറ, നുഫൈസ, ഹുമൈര, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
 
കള്‍ച്ചറല്‍ ഫോറം ലീഗല്‍ സെല്‍ അംഗം അഡ്വ. രുക്‌സാന ചര്‍ച്ച ഉപസംഹരിച്ചു. നൂര്‍ജഹാന്‍ ഫൈസല്‍ മോഡറേറ്റര്‍ ആയിരുന്നു. റജീന അലി അധ്യക്ഷത വഹിച്ച പരിപാടിയില്‍ നജല സ്വാഗതം പറഞ്ഞു. താഹിറ, മദീഹ, അദീബ, എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.