ദോഹ: വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള ഡ്രൈവറില്ലാ ഇലക്ട്രിക് വാഹനങ്ങള്‍ ഈ വര്‍ഷം ഖത്തറിന്റെ നിരത്തിലിറങ്ങും. ഫ്രഞ്ച് കമ്പനിയായ നവ്യയും ദോഹ ആസ്ഥാനമാക്കിയുള്ള ഗ്രൂപ്പ്-8 ഹോള്‍ഡിങ്ങിന്റെ സ്മാര്‍ട് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുമാണ് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കുന്നത്.
നൂറു ശതമാനവും സ്വയം പ്രവര്‍ത്തിക്കുന്ന നവ്യ അര്‍മ എന്നറിയപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ പതിനഞ്ച് യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. മണിക്കൂറില്‍ 45 കിലോമീറ്ററാണ് വേഗം. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഗതാഗത വിവര സാങ്കേതിക പ്രദര്‍ശനമായ ക്വിറ്റ്‌കോമിലാണ് ഡ്രൈവറില്ലാ വാഹനം അവതരിപ്പിച്ചത്.

ഈ വര്‍ഷം അവസാനത്തോടെ മിസൈദ് വ്യവസായ നഗരിയിലാകും ഡ്രൈവറില്ലാ വാഹനത്തിന്റെ ആദ്യ വാണിജ്യ ഉദ്ഘാടനം. ഹമദ് തുറമുഖം, ആസ്​പയര്‍ സോണ്‍, വെസ്റ്റ് ബേ, ഖത്തര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി അടുത്ത വര്‍ഷം മുതല്‍ നവ്യ അര്‍മ ലഭ്യമാകും. നിശ്ചിത പ്രദേശങ്ങളില്‍ പരീക്ഷണ ഓട്ടം നടത്തി ഡ്രൈവറില്ലാ വാഹനം വിജയകരമായതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി ലഭിച്ചാലുടന്‍ വാഹനം നിരത്തിലിറങ്ങും.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 150 നവ്യ അര്‍മ വാഹനങ്ങള്‍ നിരത്തിലിറക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മൂന്ന് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഒമ്പത് മണിക്കൂറോളം വാഹനം പ്രവര്‍ത്തിക്കും. വാഹനം ചാര്‍ജ് ചെയ്യുന്നതിനുള്ള കേന്ദ്രവും ഉടന്‍ ആരംഭിക്കും. നിരത്തിലിറക്കാനുള്ള അനുമതി ലഭിച്ചശേഷമേ വാഹനത്തിന്റെ വില പ്രഖ്യാപിക്കുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.