ദോഹ: ഇത്തവണത്തെ ഓസ്‌കര്‍ പുരസ്‌കാരം നേടിയ ചിത്രങ്ങളില്‍ ഖത്തറിന്റെ ധനസഹായത്തോടെ നിര്‍മിച്ച ദ സെയില്‍സ്മാനും ഇടംപിടിച്ചു. ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടാണ് ചിത്രത്തിന്റെ നിര്‍മാണത്തിന് ധനസഹായം നല്‍കിയത്. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡാണ് ദ സെയില്‍സ്മാന്‍ കരസ്ഥമാക്കിയത്. ഇതാദ്യമായാണ് ഖത്തറിന്റെ ധനസഹായത്തില്‍ നിര്‍മിച്ച ചിത്രം ഓസ്‌കര്‍ പുരസ്‌കാരം നേടുന്നത്. ചരിത്രപരമായ നിമിഷമാണിതെന്ന് അവാര്‍ഡ് പ്രഖ്യാപന വേളയില്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് പ്രതികരിച്ചു.

ഇറാനിയന്‍ സംവിധായകനായ അഷ്ഗര്‍ ഫര്‍ഹാദിയാണ് ചിത്രത്തിന്റെ സംവിധായകന്‍. യു.എസ്. പ്രസിഡന്റ് മുസ്ലിം ജനതക്ക് നിരോധനം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഫര്‍ഹാദി അവാര്‍ഡ് ദാനച്ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.

48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറബ് രാജ്യത്തിന്റെ ധനസഹായത്താല്‍ നിര്‍മിച്ച ചിത്രം ഓസ്‌കര്‍ പുരസ്‌കാരം നേടുന്നത്. ഖത്തറില്‍ ഇത് ആദ്യവുമാണ്. കഴിഞ്ഞ വര്‍ഷം ഖത്തര്‍ ധനസഹായം നല്‍കിയ തീബ്, മുസ്താങ് എന്നീ ചിത്രങ്ങള്‍ ഓസ്‌കര്‍ നാമനിര്‍ദേശത്തില്‍ ഇടം നേടിയിരുന്നു.