ദോഹ: മിഷെരിബിലെ പ്രവാസികളുടെ ഗ്രാമീണചന്തയില്‍ ജനത്തിരക്കേറുന്നു. തെക്കന്‍ ഏഷ്യന്‍ പ്രവാസി തൊഴിലാളികള്‍ക്ക് വിപണി വലിയ ആശ്വാസമാണ് നല്‍കുന്നത്. പച്ചക്കറികളും മറ്റും വിപണി നിരക്കിനെക്കാള്‍ പകുതി വിലക്കാണ് ഇവിടെ വില്‍ക്കുന്നത് എന്നതാണ് മിഷെരിബിലെ ഈ ചെറിയ വിപണിയെ ജനകീയമാക്കുന്നത്. ഇവിടത്തെ പച്ചക്കറി കച്ചവടക്കാരില്‍ ഭൂരിഭാഗവും പകല്‍ ജോലിത്തിരക്കിനുശേഷം പാര്‍ട് ടൈമായാണ് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നത്. ഗ്രാമീണചന്തയ്ക്ക് സമാനമായ ഇവിടെ ഉച്ചതിരിഞ്ഞ് ആരംഭിക്കുന്ന കച്ചവടം രാത്രിയോടെ അവസാനിക്കും.

നേരത്തേ പച്ചക്കറി മാത്രമായിരുന്നു വില്‍പ്പനയെങ്കില്‍ ഉപഭോക്താക്കളുടെ തിരക്ക് വര്‍ധിച്ചതോടെ കോഴി, മീന്‍ എന്നിവയും ചന്തയില്‍ സുലഭമായി കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് പച്ചക്കറികളും മറ്റും വിലപേശി വാങ്ങാമെന്നതും ഈ ഗ്രാമീണചന്തയുടെ പ്രത്യേകതയാണ്. ബംഗ്ലാദേശികളാണ് കച്ചവടക്കാരില്‍ കൂടുതലും.

സൂപ്പര്‍മാര്‍ക്കറ്റിനെക്കാള്‍ പകുതിവിലക്ക് പച്ചക്കറികള്‍ കിട്ടുന്നുവെന്നതാണ് തങ്ങളെ ആകര്‍ഷിക്കുന്നതെന്ന് ഉപഭോക്താക്കള്‍ വ്യക്തമാക്കി. സൂപ്പര്‍മാര്‍ക്കറ്റുകളെ പോലെ വില്‍പ്പന സംബന്ധിച്ച് അമിതമായ ഉത്കണ്ഠയൊന്നും തങ്ങള്‍ക്കില്ലെന്നും മിതമായ നിരക്കില്‍ പച്ചക്കറികള്‍ വില്‍ക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നും കച്ചവടക്കാരും വ്യക്തമാക്കി. സംഭരണ സൗകര്യമില്ലാത്തതിനാല്‍ അന്നന്നത്തെ പച്ചക്കറികള്‍ അന്നുതന്നെ വിറ്റഴിക്കണമെന്നത് മാത്രമാണ് കച്ചവടക്കാരുടെ ആശങ്ക. അതുകൊണ്ട് രാത്രിക്ക് മുമ്പേ വിലകുറച്ചാണെങ്കിലും കൈയിലെ സ്റ്റോക്ക് മുഴുവന്‍ വിറ്റ ശേഷമേ കച്ചവടക്കാര്‍ മടങ്ങൂ. നിര്‍മാണത്തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ തുടങ്ങി കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് മിഷെരിബിലെ ഈ ഗ്രാമീണ ചന്ത ഏറെ ആശ്വാസമാണ്. മിഷെരിബ് പദ്ധതിയിലെ തൊഴിലാളികളും ഈ ചന്തയില്‍നിന്നാണ് പച്ചക്കറികളും മറ്റും വാങ്ങുന്നത്.