ദോഹ: അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഒന്‍പത് ഷോപ്പിങ് മാളുകള്‍ തുറക്കുമെന്ന് റിപ്പോര്‍ട്ട്. ഷോപ്പിങ്, വിനോദ, ഭക്ഷണ അനുഭവങ്ങള്‍ സമ്മാനിക്കുന്നതാകും പുതിയ മാളുകളും. ഒന്‍പത് മാളുകളുടെ നിര്‍മാണം വ്യത്യസ്തഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ഇതില്‍ നാലെണ്ണത്തിന്റെ ഘട്ടം ഘട്ടമായുള്ള ഉദ്ഘാടനവും നടത്തിയിട്ടുണ്ടെന്ന് വസ്തുവിപണിയിലെ കെ.പി.എം.ജി. റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്‍പത് പുതിയ മാളുകള്‍കൂടി വരുന്നതോടെ രാജ്യത്തെ ചെറുകിടവിപണി ഇരുപതുലക്ഷം ചതുരശ്രമീറ്ററായി വ്യാപിക്കും. നിലവില്‍ ഏകദേശം 16.3 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമാണ് ചെറുകിട വിപണിക്കുള്ളത്.

രാജ്യത്തിന്റെ ദ്രുതഗതിയില്‍ വളരുന്ന സമ്പദ് വ്യവസ്ഥയുടെ ശക്തിയെയാണ് മാളുകളുടെ ഉദയം പ്രതിഫലിപ്പിക്കുന്നത്. സൗദി സഖ്യത്തിന്റെ ഉപരോധം തുടരുമ്പോഴും രാജ്യം വളര്‍ച്ചയിലേക്കാണ് എന്നതാണ് നിര്‍മാണങ്ങളിലൂടെ വ്യക്തമാകുന്നത്. നോര്‍ത്ത് ഗേറ്റ്, പ്‌ളേസ് വെന്‍ഡോം, ദോഹ മാള്‍, ദോഹ ഒയാസിസ്, കത്താറ പ്ലാസ, അല്‍ വാബ് എന്നീ മാളുകളാണ് അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാകുന്നവയില്‍ ചിലത്. രാജ്യത്തെ ജനസംഖ്യയിലെ ഗണ്യമായ വിഭാഗത്തിനുള്ള ഉയര്‍ന്ന വരുമാനമാണ് ചെറുകിട വിപണിയുടെ വളര്‍ച്ചയ്ക്ക് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

92,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് നോര്‍ത്ത് ഗേറ്റ് മാള്‍ നിര്‍മിക്കുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ അനൗപചാരിക ഉദ്ഘാടനം നടക്കുമെന്നാണ് വിലയിരുത്തല്‍. പേള്‍ ഖത്തറില്‍ യൂണൈറ്റഡ് ഡെവലപ്‌മെന്റ് കമ്പനിയുടെ ലാ പ്ലേഗിലെ 04 മാളില്‍ അധികമായി 40,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലായി വികസിപ്പിക്കുകയാണ്. വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ നിര്‍മാണം പൂര്‍ത്തിയാകും.

കഴിഞ്ഞവര്‍ഷം പ്രവര്‍ത്തനം തുടങ്ങിയ ദോഹ ഫെസ്റ്റിവല്‍ സിറ്റിയുടെ രണ്ടരലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയിലേക്കുള്ള വിപുലീകരണവും വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകും. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രമായി ദോഹ ഫെസ്റ്റിവല്‍ സിറ്റി മാറും.