ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സിലിനെ (ജി.സി.സി.) ഐക്യപ്പെടുത്തുന്നതില്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് നടത്തുന്ന പരിശ്രമങ്ങള്‍ക്ക് മന്ത്രിസഭയുടെ അഭിനന്ദനം. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കുവൈത്ത് അമീറിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചത്. നിലവിലെ വെല്ലുവിളികള്‍ക്ക് നടുവിലും 38-ാമത് ജി.സി.സി. ഉച്ചകോടി നടത്തുന്നതിലുള്ള കുവൈത്ത് അമീറിന്റെ പ്രതിജ്ഞാബദ്ധതയേയും മന്ത്രിസഭ പ്രശംസിച്ചു.
 
ജി.സി.സി.യുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനായുള്ള കുവൈത്ത് അമീറിന്റെ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. ജി.സി.സി.ക്കുള്ളിലെ ആഭ്യന്തരതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി സംഘത്തെ നിയോഗിക്കാനുള്ള കുവൈത്ത് അമീറിന്റെ ശുപാര്‍ശയേയും മന്ത്രിസഭ പിന്തുണച്ചു. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ കുവൈത്തിന്റെ മധ്യസ്ഥശ്രമങ്ങള്‍ക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണയും സഹകരണവും മന്ത്രിസഭ ചൂണ്ടിക്കാട്ടി. പലസ്തീന്‍ ജനങ്ങളുടെ ദേശീയ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഖത്തറിന്റെ പിന്തുണയും മന്ത്രിസഭ ഉറപ്പാക്കി.