ദോഹ: രാജ്യത്തിന്റെ ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ ശക്തമാണെന്ന് യു. എന്‍. ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ (യു.എന്‍.ഡബ്‌ള്യു.ടി.ഒ.) സെക്രട്ടറി ജനറല്‍ ഡോ. താലിബ് റിഫായി.

ബൃഹത്തും അഭിവൃദ്ധിയുള്ളതുമായ അടിസ്ഥാന സൗകര്യങ്ങളാണ് ടൂറിസം മേഖലയിലുള്ളത്. വലിയ തോതില്‍ സന്ദര്‍ശകരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഖത്തറിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
പ്രതിവര്‍ഷം അറുപത് ലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇത് രാജ്യത്തിന്റെ ജി.ഡി.പി.യില്‍ ഗുണപരമായി പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക പത്രമായ അല്‍ ഷര്‍ഖിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ദോഹയില്‍ നടന്ന ലോക ടൂറിസം ദിനാചരണത്തിന്റെ ഔദ്യോഗിക ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം.

സൗദിസഖ്യം ഏര്‍പ്പെടുത്തിയ ഉപരോധം ഖത്തറിന്റെ ആഗോള ടൂറിസത്തെ ബാധിച്ചിട്ടില്ല. ഉപരോധ രാജ്യങ്ങള്‍ ഒഴികെയുള്ള ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ വരവ് അനുസ്യൂതം തുടരുന്നുണ്ട്. സന്ദര്‍ശകരെ സ്വാഗതം ചെയ്യാനുള്ള കഴിവും ഇവന്റുകള്‍ സംഘടിപ്പിക്കുന്നതിലെ പാടവവും ഖത്തറികള്‍ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
ആതിഥേയത്വവും ഉയര്‍ന്ന പാടവവും ടൂറിസം മേഖലയില്‍ ദ്രുതഗതിയില്‍ വളര്‍ച്ച കൈവരിക്കുന്ന രാജ്യമാക്കി ഖത്തറിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ദോഹയെ ഇത്തവണത്തെ ലോക ടൂറിസം ദിനാചരണത്തിന്റെ ഔദ്യോഗിക ആഘോഷ വേദിയായി തിരഞ്ഞെടുത്തത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഒരു രാജ്യത്തിന്റെയും സമ്മര്‍ദമോ താത്പര്യമോ ഇക്കാര്യത്തില്‍ ഇല്ലെന്നും ശാസ്ത്രീയമായും വസ്തുനിഷ്ഠവുമായ തീരുമാന പ്രകാരമാണ് ദോഹയെ വേദിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഉപരോധത്തിന്റെ പ്രത്യാഘാതങ്ങളെ ത്തുടര്‍ന്ന് നിരവധി വെല്ലുവിളികള്‍ രാജ്യം നേരിടുന്നുണ്ട്. ഇവയെ അതിജീവിക്കാന്‍ സൗജന്യ ഓണ്‍ അറൈവല്‍ വിസ ഉള്‍പ്പെടെ ടൂറിസം ഉറവിടങ്ങളെ വൈവിധ്യവത്കരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ദേശീയ സമ്പദ് വ്യവസ്ഥക്ക് ടൂറിസം നല്‍കുന്ന സംഭാവന മൂന്ന് ശതമാനമാണ്.
 
ടൂറിസത്തെ സുസ്ഥിര വികസന ഘടകമാക്കി മാറ്റുന്നതിലൂടെ ജി.ഡി.പി.ക്ക് നല്‍കുന്ന സംഭാവന വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വ്യോമ മേഖലയെ ടൂറിസവുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ ആഗോള തലത്തില്‍ ചര്‍ച്ചകള്‍ക്കുള്ള വേദിയായും ഗുണാത്മകമായ ടൂറിസം കേന്ദ്രമായും അന്താരാഷ്ട്ര ട്രാന്‍സിറ്റ് കേന്ദ്രമായും ദോഹയെ മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം വിലയിരുത്തി.