ദോഹ: രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളും ഡിജിറ്റല്‍ സുരക്ഷാനിലവാരം ശക്തിപ്പെടുത്തണമെന്ന് സൈബര്‍ സുരക്ഷാ അധികൃതര്‍.
 
സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പര്യാപ്തമായ വിധം സുരക്ഷവര്‍ധിപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സുരക്ഷാവകുപ്പ് അസി. ഡയറക്ടര്‍ ക്യാപ്റ്റന്‍ ഓത്ത്മാന്‍ സലേം അല്‍ ഹമ്മൂദ് നിര്‍ദേശിച്ചു. ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വെബ്‌സൈറ്റ് ഹാക്കിങ് സംബന്ധിച്ച വാര്‍ത്താസമ്മേളനത്തോട് അനുബന്ധിച്ചാണ് സൈബര്‍സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.

വിദഗ്ധരായ ഐ.ടി. സംഘത്തിന്റെ സഹായത്തോടെ സൈബര്‍ സുരക്ഷാ സംവിധാനം നവീകരിക്കുന്നതിലൂടെ അപകടസാധ്യത കുറയ്ക്കാന്‍ കഴിയും. കഴിഞ്ഞ ചൊവ്വാഴ്ച ഖത്തര്‍ റേഡിയോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
 
എന്നാല്‍ വളരെവേഗത്തില്‍ തന്നെ റേഡിയോയിലെ ഐ.ടി. വിഭാഗത്തിന് വെബ്‌സൈറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനും വ്യാജവാര്‍ത്തകള്‍ നീക്കാനും കഴിഞ്ഞു. മേയ് 24-ന് ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് ശേഷം അല്‍ ജസീറയുടേയും ഖത്തര്‍ ടെലിവിഷന്റെയും വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു.