ദോഹ: ഖത്തര്‍ കണ്‍സ്ട്രക്ഷന്‍ സ്‌പെസിഫിക്കേഷന്‍സ് (ക്യു.സി.എസ്.) നഗരസഭ പരിസ്ഥിതി മന്ത്രാലയം ഭേദഗതി ചെയ്തു.

പുനരുത്പാദിപ്പിച്ച നിര്‍മാണമാലിന്യങ്ങളും പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ ചുണ്ണാമ്പുകല്ലുകളും ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ് ഭേദഗതി. പ്രാദേശിക വിപണിയിലെ വര്‍ധിച്ചു വരുന്ന ആവശ്യകത നിറവേറ്റാനായി കെട്ടിടനിര്‍മാണ സാമഗ്രികളുടെ ഇറക്കുമതി സ്രോതസ്സ് വൈവിധ്യവത്കരിക്കാന്‍ ലക്ഷ്യമിട്ടാണ് ഭേദഗതി.
 
സ്വകാര്യ പൊതു മേഖലകള്‍, പൊതുമരാമത്ത് വകുപ്പ്, സ്‌പെസിഫിക്കേഷന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേഡൈസേഷന്‍ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ക്യു.എസ്.എസില്‍ ഭേദഗതി വരുത്തിയത്.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ഗുണനിലവാരം ഉറപ്പാക്കിക്കൊണ്ട് കെട്ടിടനിര്‍മാണ സാമഗ്രികളുടെ ഇറക്കുമതി സ്രോതസ്സ് വൈവിധ്യവത്കരിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള മെക്കാനിസവും ഭേദഗതിയില്‍ ഉള്‍പ്പെടുന്നു. ഇറക്കുമതി ചെയ്യുന്ന ചുണ്ണാമ്പുകല്ലുകള്‍ റോഡ് ടാര്‍ ചെയ്യുന്നതിനും കോണ്‍ക്രീറ്റ് ചെയ്യുന്നതിനും മറ്റു നിര്‍മാണജോലികള്‍ക്കുമായി ഉപയോഗിക്കാനും ഭേദഗതിയില്‍ അനുമതി നല്‍കിയിട്ടുണ്ട്.

ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ് പുനരുത്പാദനം നടത്തുന്നതെങ്കില്‍ പുനരുത്പാദനം നടത്തിയ നിര്‍മാണമാലിന്യങ്ങള്‍ കൊണ്ട് ഫില്ലിങ്, റോഡ് നിര്‍മാണം എന്നിവയ്ക്ക് ഉപയോഗിക്കാം. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാത്തരം സാമഗ്രികളും ഇറക്കുമതി ചെയ്യാം.
 
ഷിപ്പ്‌മെന്റിനൊപ്പം ഇറക്കുമതി ചെയ്യുന്ന സാമഗ്രികളില്‍ ഉപയോഗിച്ചിരിക്കുന്നവ സംബന്ധിച്ചുള്ള ലബോറട്ടറി പരിശോധന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.