ദോഹ: ചെക്ക് കേസില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഒരു വര്‍ഷത്തേക്ക് ചെക്ക് അനുവദിക്കാനുള്ള സൗകര്യം പിന്‍വലിക്കുമെന്ന് സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ ക്രിമിനല്‍ കോടതി. ചെക്കുകള്‍ പണമില്ലാതെ മടങ്ങുന്ന സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ ക്രിമിനല്‍ കോടതിയും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കും സംയുക്തമായി ആരംഭിച്ച നടപടികളുടെ ഭാഗമാണിത്. സ്ഥിരമായി വണ്ടിച്ചെക്കുകള്‍ നല്‍കുകയും പല തവണ ഇത്തരം കേസുകളില്‍പ്പെടുകയും ചെയ്ത വ്യക്തികളെയും കമ്പനികളെയും കരിമ്പട്ടികയില്‍പ്പെടുത്തുന്നതിനും  നടപടികള്‍ തുടങ്ങി. കൂടുതല്‍ പേര്‍ ഇത്തരക്കാരുടെ ഇരകളാവുന്നത് തടയുന്നതിന്റെ ഭാഗമായാണിത്. 

വ്യാപാര നിയമത്തിലെ ചെക്കു കേസുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 604 ലെ അധിക ശിക്ഷകള്‍ നടപ്പാക്കുന്ന നടപടി മിസ്ഡിമീനേഴ്സ് കോര്‍ട്ട് ആരംഭിച്ചു. ചെക്കുമായി ബന്ധപ്പെട്ട കേസില്‍ ആരെങ്കിലും ശിക്ഷിക്കപ്പെട്ടാല്‍ പ്രസ്തുത വ്യക്തിയില്‍ നിന്ന് ചെക്ക് ബുക്കുകള്‍ പിന്‍വലിക്കാനും ഒരു വര്‍ഷത്തേക്ക് പുതിയ ചെക്ക് ബുക്കുകള്‍ അനുവദിക്കുന്നത് തടയാനും നിയമം നിര്‍ദേശിക്കുന്നു. ഇതു സംബന്ധമായ നിര്‍ദേശം കോടതിയും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കും ബാങ്കുകള്‍ക്കു നല്‍കും. ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇത് ബാധകമായിരിക്കും.
 
സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാതെ തന്നെ കേസില്‍ ശിക്ഷിക്കപ്പെട്ടയാളില്‍ നിന്ന് ചെക്ക് തുകയും അനുബന്ധ തുകയും ഈടാക്കി ഗുണഭോക്താവിന് നല്‍കുന്നതിനും ഇതില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. 

2018ല്‍ 37,130 ചെക്ക് കേസുകളാണ് മിസ്ഡിമീനേഴ്സ് കോടതിയില്‍ എത്തിയത്. ഇതില്‍ 34,882 കേസുകള്‍ തീര്‍പ്പാക്കി. ഖത്തറില്‍ ചെക്ക് കേസുകള്‍ മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 3,000 റിയാലില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.