ദോഹ: സി.ബി.എസ്.സി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ അനിശ്ചിതമായി നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നാട്ടില്‍ പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കണമെന്ന് കള്‍ച്ചറല്‍ ഫോറം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പല വിദ്യാര്‍ത്ഥികളും തുടര്‍പഠനത്തിന് വേണ്ടി നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്. അനിശ്ചിതമായി മാറ്റിവെച്ച പരീക്ഷ എഴുതാന്‍ വേണ്ടി മാത്രം ഗള്‍ഫ് രാജ്യങ്ങളില്‍ തുടരുന്നത് വിദ്യാര്‍ഥികള്‍ക്ക് പല മത്സരപരീക്ഷകളുടെയും അവസരം നഷ്ടപ്പെടുത്തും. കുടുംബങ്ങള്‍ മധ്യവേനല്‍ അവധിക്ക് നാട്ടില്‍ പോകുന്ന സന്ദര്‍ഭം കൂടിയാണ് ജൂണ്‍ ജൂലായ് മാസങ്ങള്‍. പരീക്ഷാ നടത്തിപ്പില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം കുടുംബങ്ങളുടെ മധ്യവേനല്‍ അവധിക്ക് നാട്ടില്‍ പോകുന്നതിനെയും ബാധിക്കും. ഈ സാഹചര്യത്തില്‍ പരീക്ഷ തീയതി പ്രഖ്യാപിച്ചാല്‍ സിബിഎസ്ഇ കീഴില്‍ വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ആവശ്യമുള്ളവര്‍ക്ക് നാട്ടിലെ പരീക്ഷാകേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരം കൂടി നല്‍കണമെന്ന് കള്‍ച്ചറല്‍ ഫോറം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ ഭാഗത്തുനിന്നും സിബിഎസ്ഇയുടെ ഭാഗത്തുനിന്നും ഈ വിഷയത്തില്‍ അടിയന്തര ഇടപെടലുകള്‍ ഉണ്ടാവണമെന്നും കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ഡോ.താജ് ആലുവ അധ്യക്ഷത വഹിച്ചു. സാദിഖലി, ശശിധരപണിക്കര്‍, അലവിക്കുട്ടി, സജ്‌ന സാക്കി എന്നിവര്‍ സംസാരിച്ചു.