ദോഹ: ഖത്തര്‍-ഇന്ത്യ സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ എംബസി കത്താറയില്‍ ഇസ്ലാമിക് കാലിഗ്രാഫി പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ദാവൂദി ബോറ വിഭാഗത്തില്‍പ്പെട്ട കലാകാരന്മാരുടെ കൂട്ടായ്മയായ റേഡിയന്റ് ആര്‍ട്സുമായി സഹകരിച്ചാണ് പ്രദര്‍ശനം. മുല്‍തഖദ അല്‍ ഖുലൂബ് വല്‍ ഫുനൂന്‍ (ഹൃദയങ്ങളുടെയും കരകൗശലങ്ങളുടെയും ഒത്തുചേരല്‍) എന്ന പേരിലുള്ള പ്രദര്‍ശനം ജൂലൈ 18ന് 7 മണിക്ക് കത്താറ കള്‍ച്ചറല്‍ വില്ലേജിലെ ബില്‍ഡിങ് 18ലെ ഗാലറി 2ല്‍ ഉദ്ഘാടനം ചെയ്യും. 

ജൂലൈ 18 മുതല്‍ 30 വരെ രാവിലെ 10നും രാത്രി 10നും ഇടയില്‍ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണാം. പ്രദര്‍ശനത്തിനായി റേഡിയന്റ് ആര്‍ട്സിലെ കലാകാരന്മാരെ ഖത്തറിലേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു. സാമിന സചക്, മുഹമ്മദ് മൊയ്നി, മോയിസ് നാഗ്പൂര്‍വാല, അലി അസ്ഗര്‍ വസീരി, മസ്ഹര്‍ നിസാര്‍, ജൂസര്‍ ബുര്‍ഹാനി, ബുര്‍ഹാനുദ്ദീന്‍ നാഗര്‍വാല എന്നീ ഏഴ് കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുക. 

അറബിക് കാലിഗ്രാഫിക്ക് ഇന്ത്യയില്‍ എന്ത് മാത്രം പ്രാധാന്യമുണ്ടെന്നതു വ്യക്തമാക്കുന്നതായിരിക്കും പ്രദര്‍ശനം. ഖത്തറിന്റെ ചിഹ്നങ്ങളായ പായ്ക്കപ്പല്‍, ഫാല്‍ക്കണ്‍, ഒറിക്സ് തുടങ്ങിയവ ഇന്ത്യന്‍ കലാകാരന്മാരുടെ കാലിഗ്രാഫി കരവിരുതില്‍ വിരിയും. അറബ് സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യം വിളിച്ചോതുന്നതും കൂടിയായിരിക്കും പ്രദര്‍ശനം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദാവൂദി ബോറകളുടെ കലാ മികവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടി 2016ലാണ് അന്‍വാര്‍ അല്‍ഫുനൂന്‍-റേഡിയന്റ് ആര്‍ട്സ് രൂപീകരിക്കപ്പെട്ടത്. ഇതിനകം നെയ്റോബി, മുംബൈ, ഇന്‍ഡോര്‍ നഗരങ്ങളില്‍ റേഡിയന്റ് ആര്‍ട്സ് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.