ഖത്തറിന്റെ പാലുല്‍പ്പാദനത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്ന ബലദ്നാ ഫുഡ് ഇന്‍ഡസ്ട്രീസ് ഓഹരി വില്‍പ്പനയിലൂടെ 142.6 കോടി റിയാല്‍ സംഭരിക്കും. 2017ല്‍ അയല്‍രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ആയിരക്കണക്കിന് ഹോള്‍സ്റ്റെയിന്‍ പശുക്കളെ വിമാനത്തില്‍ എത്തിച്ച് ലോക ശ്രദ്ധ നേടിയ കമ്പനിയാണ് ബലദ്നാ. 

ഉപരോധത്തെ തുടര്‍ന്ന് ത്വരിത ഗതിയിലുള്ള വികസനത്തിലൂടെ പാലുല്പാദനത്തില്‍ ഖത്തറിനെ സ്വയം പര്യാപ്തതയില്‍ എത്തിക്കാനും കമ്പനിക്കു സാധിച്ചു.
 
2014 ല്‍ ആരംഭിച്ച ബലദ്നാ കമ്പനി ഇപ്പോള്‍ ഖത്തറിലെ ഏറ്റവും വലിയ പാല്‍, ബിവറേജ് കമ്പനിയാണ്. നിലവില്‍ 18,000 പശുക്കളാണ് ബലദ്നാ ഫാമുകളിലുള്ളത്. 20 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്തായാണ് ബലദ്നായുടെ രണ്ടു ഫാമുകള്‍ സ്ഥിതി ചെയ്യുന്നത്. 

ഓഹരിവിപണിയിലേക്കു കാലെടുത്തു വെച്ച കമ്പനി ഓഹരി മൂല്യത്തിന്റെ 75 ശതമാനം സ്റ്റോക്ക് എക്സ്ചേഞ്ച് വഴി പൊതുജനങ്ങള്‍ക്ക് വില്‍പന നടത്താനാണ് ലക്ഷ്യമിടുന്നത്. ജനറല്‍ റിട്ടയര്‍മെന്റ്, സോഷ്യല്‍ ഇന്‍ഷൂറന്‍സ് അതോറിറ്റി, പ്രാദേശിക ഫുഡ് കമ്പനികള്‍ എന്നിവ 23 ശതമാനം ഓഹരികള്‍ വാങ്ങാന്‍ തയ്യാറായിട്ടുണ്ട്. 52 ശതമാനം ഓഹരികളാണ് ഖത്തരി പൊതുജനങ്ങള്‍ക്കു ലഭിക്കുക.