ദോഹ: ഓട്ടിസം ബോധവത്കരണം പ്രോത്സാഹിപ്പിക്കാനും ബോധവത്കരണത്തിനാവശ്യമായ പണം സ്വരൂപിക്കാനും ലക്ഷ്യമിട്ട് യാത്രതിരിച്ച ലോക ഓട്ടിസം റൈഡ് സംഘം 26 രാജ്യങ്ങള്‍ പിന്നിട്ട് തിരികെയെത്തി. മോട്ടോര്‍ സൈക്കിളിലാണ് ദോഹ ആസ്ഥാനമാക്കിയുള്ള അച്ഛന്മാരുടെ സംഘം മൂന്ന് ഭൂഖണ്ഡങ്ങളിലായി 26 രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. ഏഷ്യ, യൂറോപ്പ്, വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലായി 28,000 കിലോമീറ്ററാണ് സന്നദ്ധ പ്രവര്‍ത്തനത്തിനായി സഞ്ചരിച്ചത്.
 
ഖത്തര്‍ ഫൗണ്ടേഷനിലെ റെനാദ് അക്കാദമി സംഘത്തെ സ്വാഗതം ചെയ്തു. ഖത്തര്‍ ഫൗണ്ടേഷന്റെ പ്രീ-യൂണിവേഴ്‌സിറ്റി എജുക്കേഷന്റെ ഭാഗമായുള്ള റെനാദ് അക്കാദമിയിലെ വിദ്യാര്‍ഥിയുടെ പിതാവായ ജാസ്സിം അല്‍ മദീദാണ് റൈഡ് സംഘത്തിന്റെ സ്ഥാപകന്‍. ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് റെനാദ് അക്കാദമി.

26 രാജ്യങ്ങളിലെ സന്ദര്‍ശനത്തിലൂടെ പത്ത് കുടുംബങ്ങളില്‍ ഒമ്പത് കുടുംബത്തിനും ഓട്ടിസം ബാധിതരായ കുട്ടികളോട് എങ്ങനെ ഇടപഴകണമെന്ന് അറിയാത്തവരാണെന്ന് മനസ്സിലാക്കിയതായി ജാസ്സിം പറയുന്നു. ഒരുതരത്തിലുള്ള രോഗമാണ് ഓട്ടിസമെന്ന തരത്തിലാണ് മിക്ക ആളുകളും ഓട്ടിസത്തെ കാണുന്നത്. സഹായം ആവശ്യപ്പെടാത്തവര്‍ക്കായി സഹായം നല്‍കാനും ഓട്ടിസത്തെക്കുറിച്ചുള്ള ബോധവത്കരണം ശക്തമാക്കുകയുമാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്നും ജാസ്സിം പറഞ്ഞു.