ദോഹ: രാജ്യത്ത് ഓട്ടിസം ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ പരിചരിക്കുന്നതിനായി അല്‍ വഖ്‌റയില്‍ പുതിയഏകീകൃത കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്.എം.സി.) അധികൃതര്‍.

ഓട്ടിസം ബാധിതരുടെ എണ്ണം നിയന്ത്രിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയകേന്ദ്രം തുറക്കുന്നത്. ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് മികച്ച പരിചരണവും തുടര്‍പരിപാലനവും ഉറപ്പാക്കുന്നതിനാണ് കേന്ദ്രം. എല്ലാവിധ അത്യാധുനിക സജ്ജീകരണങ്ങളും ഉപകരണങ്ങളും സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.

രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സ്വകാര്യ ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് റഫര്‍ ചെയ്യുന്ന കേസുകളാണ് പുതിയ കേന്ദ്രത്തില്‍ കൈകാര്യം ചെയ്യുന്നത്. എച്ച്.എം.സി.യുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തുന്ന സര്‍വേയിലൂടെ കണ്ടെത്തുന്ന ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കും പുതിയ കേന്ദ്രത്തില്‍ മികച്ചപരിചരണം നല്‍കും.
 
നിലവില്‍ എച്ച്.എം.സി.യുടെ ശിശു വികസന കേന്ദ്രത്തില്‍ പ്രതിവര്‍ഷം ഇരുന്നൂറോളം കുട്ടികളാണ് ചികിത്സക്കായെത്തുന്നത്. ആകെ ഓട്ടിസം ബാധിത കേസുകളുടെ എണ്ണം 700 ലധികമായിട്ടുണ്ട്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ പരിചരണ കേന്ദ്രമായ ശഫല്ല സെന്റര്‍, സ്വകാര്യമേഖലയിലെ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓട്ടിസം ബാധിതരേയും കേന്ദ്രംപരിപാലിക്കും.

ഓട്ടിസത്തിനെതിരെ ശക്തമായ നടപടികളും ബോധവത്കരണ പ്രവര്‍ത്തനങ്ങളുമാണ് ഖത്തര്‍ സ്വീകരിച്ചുവരുന്നത്. ഓട്ടിസത്തെ പ്രതിരോധിക്കുന്നതിനായി പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നാഷണല്‍ വര്‍ക്കിങ് ഗ്രൂപ്പ് ഫോര്‍ ഓട്ടിസം രൂപവത്കരിച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ വൈദഗ്ധ്യം നേടിയ ഡോക്ടര്‍മാര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, മനഃശാസ്ത്രജ്ഞര്‍, ഭരണനിര്‍വഹണമേഖലയിലെ പ്രമുഖര്‍ എന്നിവരെല്ലാം ഈ ഗ്രൂപ്പിന്റെ ഭാഗമാണ്.

രാജ്യത്ത് ഓട്ടിസം ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഓട്ടിസം വ്യാപനത്തിന്റെ കൃത്യമായ കണക്ക് മനസ്സിലാക്കുന്നതിനായി ആദ്യ ഫീല്‍ഡ് വര്‍ക്ക് പഠനം ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയില്‍ പുരോഗമിക്കുകയാണ്. സര്‍വകലാശാലയിലെ ഖത്തര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പഠനം നടക്കുന്നത്.
 
മുതിര്‍ന്ന ഗവേഷകനായ ഡോ. ഫഉദ് അല്‍ ഷബാന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം. കുട്ടികളിലെ ഓട്ടിസം നേരത്തെ തിരിച്ചറിയുന്നതിനുള്ള പഠനവും ബയോമെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്നുണ്ട്.
 
ആറ് മാസം പ്രായമാകുമ്പോള്‍ തന്നെ രോഗനിര്‍ണയം നടത്താന്‍ പര്യാപ്തമായ ഗവേഷണപദ്ധതിക്കാണ് ഇന്‍സ്റ്റിറ്റിയൂട്ട് നേതൃത്വം നല്‍കുന്നത്. കണ്ണുകള്‍ നിരീക്ഷിക്കാനുള്ള ഉപകരണം, മുഖത്തെ സ്വഭാവചലനങ്ങള്‍ കൃത്യമായി അറിയുന്നതിനു മനസ്സിലാക്കുന്നതിനുമുള്ള ക്യാമറ, ലാംഗ്വേജ് ഡിറ്റക്റ്റര്‍ എന്നിവയുടെ സഹായത്തോടെയാണ് കുട്ടികളില്‍ ഓട്ടിസത്തിനുള്ള ലക്ഷണങ്ങള്‍ വികസിക്കുന്നുണ്ടോയെന്ന് മനസ്സിലാക്കുന്നത്.