ദോഹ: ഭക്ഷ്യസുരക്ഷയ്ക്കായി അറ്റോമിക് ഊര്‍ജ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ രാജ്യം തയ്യാറെടുക്കുന്നു.

അറ്റോമിക് ഊര്‍ജ സാങ്കേതികവിദ്യയിലൂടെ ചെടികള്‍ വേഗത്തില്‍ വളരുന്നത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സഹായകമാകും.
 
ഇതിനായി അന്താരാഷ്ട്ര അറ്റോമിക് ഊര്‍ജ ഏജന്‍സിയുടെ പങ്കാളിത്തത്തോടെ ഗവേഷണ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് . സുസ്ഥിര ഭക്ഷ്യസുരക്ഷയ്ക്കായി കാര്‍ഷിക ഗവേഷണം ശക്തിപ്പെടുത്താന്‍ ന്യൂക്ലിയര്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നതാണ് പദ്ധതിയുടെ തലക്കെട്ട്.

നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക വകുപ്പാണ് ഊര്‍ജ ഏജന്‍സിയുടെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നത്. ചെടികള്‍ വേഗത്തില്‍ വളരാനുള്ള ശാസ്ത്രീയ സാങ്കേതിക വിദ്യയിലൂടെ സുരക്ഷിതവും സമാധാനപരവുമായും അറ്റോമിക് ഊര്‍ജം ഉപയോഗിച്ച് ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ കഴിയുമെന്ന് കാര്‍ഷിക വകുപ്പ് അസി.ഡയറക്ടര്‍ ഹമദ് സാക്കെത് അല്‍ ശമാരി പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നത് സംബന്ധിച്ചുള്ള വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

മൂന്ന് വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. പദ്ധതിയുടെ പ്രാഥമിക ഫലത്തിലൂടെ പരിസ്ഥിതിക്ക് ഗുണപരമായ ഫലമുളവാക്കുമെന്ന് വ്യക്തമായിട്ടുണ്ട്. ഖത്തറി പരിസ്ഥിതി സംരക്ഷിക്കാനും ജനിതക വിഭവങ്ങളുടെ സുസ്ഥിരതയ്ക്കുമായി നിരവധി പരിസ്ഥിതി, കാര്‍ഷിക പദ്ധതികളാണ് മന്ത്രാലയം നടപ്പാക്കി വരുന്നതെന്ന് മന്ത്രാലയത്തിലെ കാര്‍ഷിക ഗവേഷണ വകുപ്പിലെ ജനിതകവിഭവ മേധാവി ഐഷ ദസ്മാല്‍ അല്‍ഖുവാരി പറഞ്ഞു. രാജ്യത്തെ ചെടികളുടെ ജനിതക വിഭവങ്ങള്‍ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.