ദോഹ: രണ്ടാമത് ആസ്​പയര്‍ അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയ്ക്ക് ആസ്​പയര്‍ സോണില്‍ തുടക്കമായി. 23 രാജ്യങ്ങളില്‍ നിന്നായി 102 പേരാണ് പങ്കെടുക്കുന്നത്. ചെറുതും വലുതമായി വ്യത്യസ്തവലുപ്പത്തിലും ഡിസൈനുകളിലുമുള്ള പട്ടങ്ങളാണ് ആസ്​പയറിന്റെ ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കുന്നത്. കഴിഞ്ഞവര്‍ഷം 13 രാജ്യങ്ങളില്‍നിന്ന് 40 പേരായിരുന്നു മേളയില്‍ പങ്കെടുത്തിരുന്നത്.
 
ആദ്യദിവസമായ ചൊവ്വാഴ്ച സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പട്ടംനിര്‍മാണ ശില്‍പ്പശാലയും മത്സരങ്ങളും നടന്നു. അന്താരാഷ്ട്ര പട്ടം പറത്തല്‍ വിദഗ്ധരാണ് തുടര്‍ന്നുള്ള ദിവസങ്ങളിലും ശില്‍പ്പശാലകള്‍ നടത്തുന്നത്. ഖത്തര്‍ ടീമും ഇത്തവണ മത്സരത്തില്‍ പങ്കെുക്കുന്നുണ്ട്. പട്ടം പറത്തല്‍ മേളയിലെ പങ്കാളിത്തം വര്‍ധിച്ചുവരികയാണെന്ന് സംഘാടക കമ്മിറ്റി അംഗമായ ശൈഖ് മുഹമ്മദ് ബിന്‍ ഫഹ്ദ് അല്‍ താനി പറഞ്ഞു. ഇത്തവണ ആദ്യമായി നിരവധി സ്വദേശി, പ്രവാസി അംഗങ്ങളും അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

രാവിലെ ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയും ഉച്ചയ്ക്ക് മൂന്ന് മുതല്‍ പതിനൊന്ന് വരെയുമാണ് മേള. രാവിലത്തെ സെഷനില്‍ പ്രാദേശിക സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശില്‍പ്പശാലകളും വൈകീട്ട് അന്താരാഷ്ട്ര മത്സരങ്ങളും വ്യത്യസ്ഥ വിനോദ പരിപാടികളുമാണ് നടക്കുന്നത്. സന്ദര്‍ശകര്‍ക്കായി ഭക്ഷണ, ശീതള പാനീയ യൂണിറ്റുകളും സജീവമാണ്. പ്രൊഫഷണല്‍ പട്ടം പറത്തല്‍ മത്സരങ്ങളും അന്തര്‍ സ്‌കൂള്‍ മത്സരങ്ങളും ഇത്തവണയുണ്ട്.
 
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള മത്സരത്തില്‍ ഒന്നുമുതല്‍ ആറാം ഗ്രേഡ് വരെയുള്ള വിദ്യാര്‍ഥികളുടെ സംഘത്തില്‍ പരമാവധി പത്ത് പേരെ വീതം ഉള്‍ക്കൊള്ളിക്കാം. ഇത്തവണ ഒന്നാം സ്ഥാനം ലഭിക്കുന്ന സ്‌കൂള്‍ ടീമിന് അമ്പതിനായിരം റിയാലും രണ്ടാം സ്ഥാനക്കാര്‍ക്ക് മുപ്പതിനായിരം റിയാലും മൂന്നാം സ്ഥാനക്കാര്‍ക്ക് പതിനായിരം റിയാലുമാണ് സമ്മാനം. അഞ്ചിനും പതിമ്മൂന്നിനുമിടയില്‍ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ മത്സരവുമുണ്ട്.

ഖത്തര്‍ ഫോട്ടോഗ്രാഫിക് സൊസൈറ്റിയുടെ സഹകരണത്തോടെ അമച്വര്‍, പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കായി ഫോട്ടോഗ്രാഫി മത്സരവുമുണ്ട്. 20,000 റിയാലാണ് ഒന്നാം സമ്മാനം. മാര്‍ച്ച് ഒന്‍പത് വരെയാണ് മേള