Workersദോഹ: സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പാര്‍പ്പിട സമുച്ചയം നിര്‍മിക്കാന്‍ 23 ഇടത്ത് സ്ഥലം നല്‍കാന്‍ സര്‍ക്കാര്‍ അനുമതി. ആധുനികസൗകര്യങ്ങളോടു കൂടിയ തൊഴിലാളി പാര്‍പ്പിട സമുച്ചയങ്ങളായിരിക്കണം നിര്‍മിക്കേണ്ടതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഉംസുബാര്‍, അല്‍ ഖോര്‍, ഉംസലാല്‍ എന്നിവിടങ്ങളിലായാണ് 23 സ്ഥലത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

നഗരസഭ, പരിസ്ഥിതി മന്ത്രാലയമാണ് തൊഴിലാളികള്‍ക്കായി പാര്‍പ്പിടം നിര്‍മിക്കാനുള്ള സ്ഥലം അനുവദിച്ചത്. തൊഴിലാളികള്‍ക്ക് സുഖകരമായി ജീവിക്കുന്നതിനാവശ്യമായ സൗകര്യം ഒരുക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. തൊഴിലാളികള്‍ക്ക് ആരോഗ്യ, വിനോദസൗകര്യങ്ങളോട് കൂടിയ മാതൃകാജീവിതം ഉറപ്പാക്കുന്നതിന് വേണ്ടിയാണിതെന്ന് മന്ത്രാലയം ഔദ്യോഗികവാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

2022 ലോകകപ്പിന്റെ അടിസ്ഥാനവികസന പദ്ധതി നിര്‍മാണത്തെത്തുടര്‍ന്ന് വിദേശ തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചു. ഇതേത്തുടര്‍ന്ന് സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള പാര്‍പ്പിടം ഒരുക്കുന്നതിനായി 433 സ്ഥലം നേരത്തേ മന്ത്രാലയം അനുവദിച്ചിരുന്നു. രാജ്യത്തെ തൊഴിലാളികള്‍ക്ക് അനുയോജ്യമായ പാര്‍പ്പിട സൗകര്യം ഉറപ്പാക്കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് മന്ത്രാലയം പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ ദോഹയുടെ വടക്ക് ഉംസലാലില്‍ ഏഴ് സ്ഥലത്തായി ബൃഹത്തായ തൊഴിലാളി പാര്‍പ്പിട സമുച്ചയ പദ്ധതി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ നടത്തിപ്പിനായി സ്ഥലം അനുവദിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ആധുനിക സൗകര്യത്തിലുള്ള തൊഴിലാളിപാര്‍പ്പിടം നിര്‍മിക്കാനായി ഇത്തരത്തില്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. സ്വകാര്യമേഖലയിലെ തൊഴിലാളിപാര്‍പ്പിടത്തിന്റെ ആവശ്യം വര്‍ധിച്ച സാഹചര്യത്തിലാണ് സ്വകാര്യമേഖലയെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ സ്ഥലം അനുവദിക്കുന്നത്.

വൈദ്യസേവനം, വിനോദ, കായിക സൗകര്യം എന്നിവയോടുകൂടിയ സ്ഥിരമായ തൊഴിലാളി പാര്‍പ്പിട സമുച്ചയം സ്വകാര്യമേഖലയ്ക്ക് ഉണ്ടായിരിക്കണമെന്നത് ഉറപ്പാക്കുന്നതിനായാണ് സര്‍ക്കാര്‍ നിര്‍മാണത്തിനായി സ്ഥലം അനുവദിക്കുന്നത്. ബി.ഒ.ടി. (നിര്‍മിച്ച്, പ്രവര്‍ത്തിപ്പിച്ച് , കൈമാറല്‍) അടിസ്ഥാനത്തിലാണ് സ്വകാര്യമേഖലയ്ക്ക് പാര്‍പ്പിട സമുച്ചയ പദ്ധതി നല്‍കുന്നത്. ബി.ഒ.ടി.യുടെ കീഴില്‍ സ്വകാര്യ കമ്പനിക്ക് നഗര, പരിസ്ഥിതി മന്ത്രാലയം വഴി സര്‍ക്കാറില്‍ നിന്ന് ആനുകൂല്യം സ്വീകരിക്കാം.
 
സാമ്പത്തികം, കരാര്‍ പ്രകാരമുള്ള ഡിസൈന്‍, നിര്‍മാണം, സൗകര്യങ്ങള്‍ നിര്‍മിക്കുക (തൊഴില്‍ പാര്‍പ്പിട സമുച്ചയത്തിന്റെ കാര്യത്തില്‍) എന്നിവയിലാണ് ആനുകൂല്യം ലഭിക്കുക. എല്ലാ തൊഴിലാളി പാര്‍പ്പിട സമുച്ചയങ്ങളും ഉന്നത നിലവാരത്തിലുള്ളതായിരിക്കണമെന്ന് ഖത്തര്‍ ഉറപ്പാക്കുന്നുണ്ട്. ദോഹയ്ക്കുപുറത്തുള്ള തൊഴിലാളി നഗരം എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണ്.
 
അറബ് ലോകത്തും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലും ഇത്തരത്തിലൊരു തൊഴിലാളി പാര്‍പ്പിട സൗകര്യമുള്ളത് ഖത്തറില്‍ മാത്രമാണ്.