ദോഹ: സ്വകാര്യ ആവശ്യത്തിനായി മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ മരുന്നിന്റെ കുറിപ്പടിയും കൈവശം ഉണ്ടായിരിക്കണമെന്ന് കര്‍ശന നിര്‍ദേശം.
രാജ്യത്ത് നിരോധിക്കാത്ത മരുന്നുകള്‍ മാത്രമേ കൈവശം ഉണ്ടാകാന്‍ പാടുള്ളുവെന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ അജാബ് മാനുര്‍ അല്‍ ഖഹ്താനി പറഞ്ഞു.
 
രാജ്യത്ത് നിരോധിക്കപ്പെട്ട മരുന്നുകളുടെ പ്രവേശനം പ്രതിരോധിക്കുന്നതിനായി പൊതുജനമന്ത്രാലയവുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹമദ് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ പ്രവേശന പോയിന്റിലും വിമാനത്താവളത്തിന്റെ കാര്‍ഗോയിലും അബുസമ്ര അതിര്‍ത്തിയിലും മരുന്നുകളുടെ പരിശോധനക്കായി ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്.

ഡോക്ടര്‍മാരുടെ വ്യക്തമായ കുറിപ്പടിയില്ലാത്ത മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നത് നിരോധിക്കാനുള്ള തീരുമാനമെടുക്കുന്നത് ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പാണ്. കൈവശം മരുന്നുമായി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും നിര്‍ബന്ധമായും കസ്റ്റംസ് ഓഫീസര്‍ക്കു മുമ്പാകെ മരുന്നിന്റെ കുറിപ്പടി ഹാജരാക്കിയിരിക്കണം. ഇത് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് വിധേയമാക്കും. രാജ്യത്തെ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനാണിത്.

നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടികയില്‍ ചില ഇനം ഔഷധങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചിലവ രാജ്യത്തേക്ക് കൊണ്ടുവരണമെങ്കില്‍ അംഗീകൃത ഡോക്ടര്‍മാരുടെ കുറിപ്പടി നിര്‍ബന്ധമായും കൈവശം ഉണ്ടായിരിക്കണമെന്നും അല്‍ ഖഹ്താനി പറഞ്ഞു. ചില കേസുകളില്‍ ഡോക്ടര്‍ അംഗീകരിച്ച മരുന്നുകള്‍ ചില യാത്രക്കാര്‍ വലിയ അളവിലാണ് രാജ്യത്തേക്ക് കൊണ്ടുവരുന്നത്.
 
ഇത്തരം സാഹചര്യങ്ങളില്‍ ഇത്രയധികം അളവില്‍ മരുന്ന് പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കണോ വേണ്ടയോ എന്നത് ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പാണ് തീരുമാനിക്കുന്നതെന്നും അല്‍ ഖഹ്താനി പറഞ്ഞു. ഡോക്ടറുടെ കൃത്യമായ കുറിപ്പടിയില്ലാത്ത ആയുര്‍വേദ മരുന്നുകള്‍ കൈവശം വെക്കുന്ന യാത്രക്കാരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കൈമാറും.