ദോഹ: വ്യത്യസ്ത രുചിക്കൂട്ടുകളുമായി ഗ്രീന്‍ ചില്ലി റെസ്റ്റോറന്റ് വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഓള്‍ഡ് അല്‍ഗനീമില്‍ അല്‍മഹര്‍ സ്ട്രീറ്റിലെ ഡൈനാസ്റ്റി ഹോട്ടല്‍ സമുച്ചയത്തിലാണ് ഗ്രീന്‍ചില്ലി പ്രവര്‍ത്തനം ആരംഭിക്കുന്നത്.
 
കാല്‍നൂറ്റാണ്ടിലേറെ കാലമായി ഗള്‍ഫില്‍ ഇന്ത്യന്‍ റെസ്റ്റോറന്റ് മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരാണ് ഗ്രീന്‍ ചില്ലിയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. കൃത്രിമത്വമില്ലാത്ത ഭക്ഷണം മിതമായ വിലയ്ക്ക് നല്‍കുകയെന്നതാണ് ഗ്രീന്‍ ചില്ലിയുടെ ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടര്‍ സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ പറഞ്ഞു.

'എവരിഡേ ഡിഫറന്റ് മെനു' രീതിയിലാണ് ഭക്ഷ്യപ്രേമികള്‍ക്ക് മുമ്പില്‍ ഗ്രീന്‍ ചില്ലി തങ്ങളുടെ വ്യത്യസ്ത വിഭവങ്ങള്‍ അണിനിരത്തുക. നാടന്‍, ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍ എന്നിവയ്ക്കുപുറമേ ബാര്‍ബി ക്യുവില്‍ പുതിയ ഇനങ്ങളും ഗ്രീന്‍ ചില്ലിയുടെ പ്രത്യേകതയായിരിക്കും. പ്രത്യേക രുചിക്കൂട്ടുകള്‍ ഉപയോഗിച്ചുള്ള കാട ബാര്‍ബിക്യു പ്രധാന ഇനങ്ങളിലൊന്നാണ്.
 
പ്രത്യേക മിക്‌സുകളോടെയുള്ള ഫ്രഷ് ജ്യൂസ്, തോണിക്കാരന്‍ മീന്‍കറി, മീന്‍ പൊള്ളിച്ചത്, മീന്‍ വറ്റിച്ചത് ഉള്‍പ്പെടെയുള്ള മീന്‍ വിഭവങ്ങള്‍, കടുക്ക, ഞണ്ട്, കൂന്തല്‍ ഇനങ്ങള്‍, മുയല്‍, താറാവ് ഇറച്ചി വിഭവങ്ങള്‍ തുടങ്ങി വ്യത്യസ്ത ഇനങ്ങളാണ് എവരിഡേ ഡിഫറന്റ് മെനുവില്‍ ഉണ്ടാവുക.

കഞ്ഞി, കപ്പ, ചെറുപയര്‍, ഓട്‌സ് വിഭവങ്ങള്‍ അടങ്ങുന്ന ബുഫെ പ്രാതലിന് 12 റിയാലാണ് ഈടാക്കുക. എല്ലാ ദിവസവുമുള്ള 12 ഇനങ്ങളുള്ള കേരളീയ ഇല സദ്യയ്ക്ക് 15 റിയാലാണ് വില. രണ്ടുമാസത്തിനകം പാര്‍ട്ടിഹാള്‍ സജ്ജമാകുമെന്നും മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. ഔട്ട്‌ഡോര്‍ കാറ്ററിങ്, ഹോം ഡെലിവറി തുടങ്ങിയവയും ഗ്രീന്‍ചില്ലിക്ക് ഉണ്ടാകും.

കുടുംബങ്ങള്‍ക്ക് പ്രത്യേക സൗകര്യവും നൂറ്റന്‍പത് കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫിനാന്‍സ് മാനേജര്‍ അബ്ബാസ് ഊളിക്കര, ഷെഫ് നൗഫല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.