ദോഹ: അറബി ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നവര്‍ക്കായി ദോഹ ഫ്രണ്ട്‌സ് നല്‍കുന്ന സി.കെ. മുഹമ്മദ് അവാര്‍ഡ് റഹ്മാന്‍ മുന്നൂരിന് (പി.ടി അബ്ദുറഹ്മാന്‍). ഇന്ത്യയിലെ അറബിപണ്ഡിതനായ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വിയുടെ 'മാദാ ഖസിറല്‍ ആലം ബി ഇന്‍ഹിത്വാതില്‍ മുസ്ലിമീന്റെ' മലയാള വിവര്‍ത്തനമായ 'മുസ്ലിംകളുടെ പതനവും ലോകത്തിന്റെ നഷ്ടവും' എന്ന ഗ്രന്ഥത്തിനാണ് പുരസ്‌കാരം. 2015-2017 കാലയളവില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ച അറബി വിവര്‍ത്തന കൃതികളാണ് അവാര്‍ഡിനായി പരിഗണിച്ചത്. അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളില്‍ നിന്ന് നിരവധി ഗ്രന്ഥങ്ങളാണ് റഹ്മാന്‍ മുന്നൂര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. സര്‍വത് സൗലത്തിന്റെ സമ്പൂര്‍ണ ഇസ്ലാമിക സമൂഹം ചരിത്ര സംഗ്രഹം, ഡോ.താരീഖ് സുവൈദാന്റെ പാലസ്തീന്‍ സമ്പൂര്‍ണ ചരിത്രം, അടിയാറിന്റെ ഞാന്‍ സ്‌നേഹിക്കുന്ന ഇസ്ലാം തുടങ്ങിവയുടെ വിവര്‍ത്തകനാണ്. ഇതിന് പുറമെ വിവര്‍ത്തന ലേഖനങ്ങളും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചേന്ദമംഗല്ലൂരിനടുത്ത് മുന്നൂര്‍ സ്വദേശിയാണ് അദ്ദേഹം. 25,001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.

ജൂറിയുടെ പ്രത്യേകം പരാമര്‍ശത്തിന് അര്‍ഹമായ സിനാന്‍ അന്തൂണ്‍ രചിച്ച 'വഹ്ദഹാ ശചറതു റുമ്മാന്‍' എന്ന പുസ്തകത്തിന്റെ മലയാളം വിവര്‍ത്തനമായ 'വെള്ള പുതപ്പിക്കുന്നവര്‍' വിവര്‍ത്തനം ചെയ്ത ഡോ.എന്‍. ഷംനാദിന് പതിനായിരം രൂപയും പ്രശസ്തി പത്രവും നല്‍കും.

സി.കെ. മുഹമ്മദിന്റെ ജന്മനാടായ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ ജൂലായ് അവസാന വാരം നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ദോഹ ഫ്രണ്ട്‌സ് ഭാരവാഹികള്‍ അറിയിച്ചു.

ഖത്തറില്‍ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന അറബി ഭാഷയില്‍ നൈപുണി നേടിയ ഒരു കൂട്ടം ഭാഷാസ്‌നേഹികളുടെ കൂട്ടായ്മയാണ് ദോഹ ഫ്രണ്ട്‌സ്. ആദ്യമായാണ് ഈ കൂട്ടായ്മ ഒരു അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. കൂട്ടായ്മയുടെ സ്ഥാപകരിലൊരാളാണ് സി.കെ. മുഹമ്മദ്. രണ്ടുവര്‍ഷം മുന്പാണ് അദ്ദേഹം മരിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ ദോഹ ഫ്രണ്ട്‌സ് ഭാരവാഹികളായ ഉമര്‍ കോയ, റഹീം ഓമശ്ശേരി, എസ്.കെ. തങ്ങള്‍, കെ.ടി. ഹാശിം, സൈഫുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.