ദോഹ: രാജ്യത്തെ ജനങ്ങള്‍ക്ക് വര്‍ണാഭമായ ദൃശ്യ വിരുന്നൊരുക്കിയ പ്രഥമ ആസ്​പയര്‍ ജലാശയമേളയില്‍ സന്ദര്‍ശക ബാഹുല്യം.

മേളയുടെ ആദ്യദിനമായ വ്യാഴാഴ്ച ആയിരക്കണക്കിനാളുകളാണ് ആസ്​പയര്‍ പാര്‍ക്കിലെത്തിയത്. സാംസ്‌കാരിക, കലാ പരിപാടികള്‍ കോര്‍ത്തിണക്കി ഇതാദ്യമായാണ് രാജ്യത്ത് ജലാശയ മേള നടത്തുന്നത്. പാട്ടും അക്രോബാറ്റിക് പ്രകടനങ്ങളും രാത്രിയുടെ ദീപപ്രഭയില്‍ മികച്ച ദൃശ്യവിരുന്നാണ് സന്ദര്‍ശകര്‍ക്ക് നല്‍കിയത്.

വര്‍ണാഭമായ വെളിച്ച സംവിധാനത്തിന്റെ അകമ്പടിയോടെ ചിത്രശലഭത്തിന്റെയും മറ്റും വേഷമണിഞ്ഞ് കലാകാരന്മാര്‍ നടത്തിയ പ്രകടനങ്ങള്‍ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. വ്യാഴാഴ്ച നടന്ന രണ്ട് ഷോകളിലും കാണികളുടെ തിരക്ക് പ്രകടമായിരുന്നു. സാംസ്‌കാരിക, കലാ പ്രകടനങ്ങള്‍ക്കൊപ്പം വ്യത്യസ്ത രുചിക്കൂട്ടുകള്‍ നിറച്ച പന്ത്രണ്ടോളം ഭക്ഷ്യട്രക്കുകളും സന്ദര്‍ശകര്‍ക്കായി ക്രമീകരിച്ചിരുന്നു. ആസ്​പയര്‍ സോണ്‍ ഫൗണ്ടേഷനും കത്താറയും ചേര്‍ന്നാണ് മേള നടത്തുന്നത്. മൂന്നുദിവസത്തെ മേള ശനിയാഴ്ച സമാപിക്കും. വൈകീട്ട് ഏഴരമുതല്‍ ഒമ്പതര വരെയാണ് പരിപാടികള്‍. പ്രവേശനം സൗജന്യമാണ്.