ദോഹ: ഫുട്‌ബോളിന്റെ അടുത്ത വലിയ വിപണി ഇന്ത്യയാണെന്ന് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി.

ആഗോളതലത്തില്‍ പ്രധാനപ്പെട്ട രാജ്യമാണ് ഇന്ത്യ. ഫുട്‌ബോള്‍പ്രേമികളുടെ കാര്യത്തില്‍ എടുത്തുപറയേണ്ട നിരവധി ഘടകങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവുംവലിയ പ്രവാസി സമൂഹം ഇന്ത്യയുടെതാണ്. ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് ഖത്തറിനുള്ളതെന്നും ദോഹ സന്ദര്‍ശനത്തിനെത്തിയ മാധ്യമ സംഘത്തോട് അദ്ദേഹം വ്യക്തമാക്കി. ദോഹയില്‍ നടന്ന പ്രഥമ സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മാധ്യമ സംഘം.

2022 ഫിഫ ലോകകപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രമോഷന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതുസംബന്ധിച്ച് ഇന്ത്യയുമായുള്ള ചര്‍ച്ച നടക്കുകയാണ്. വര്‍ഷങ്ങളായിട്ടുള്ള ബന്ധമാണ് ഇന്ത്യയും ഖത്തറും തമ്മില്‍. ഫുട്‌ബോളിന്റെ അടുത്ത വലിയ വിപണിയായി ഇന്ത്യ മാറുമെന്നതില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എ.ഐ.എഫ്.എഫ്. പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ ഫുട്‌ബോളിനായി നിരവധി കാര്യങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കിയതെന്നും അല്‍തവാദി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പിന്റെ വിജയവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. മത്സരം കാണാനെത്തിയവരുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടമാണ് ഇന്ത്യ കൈവരിച്ചത്.

ഫുട്‌ബോളിനായുള്ള ഇന്ത്യന്‍ വിപണി വളരെ വലുതാണെന്നും അത് അവഗണിക്കാന്‍ കഴിയില്ലെന്നും അല്‍തവാദി പറഞ്ഞു. നിരവധി പ്രമോഷണല്‍ ഘടകങ്ങളും അവസരങ്ങളും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഇതിലൂടെ ഇന്ത്യന്‍ വിപണിയുടെ പ്രയോജനം സ്വന്തമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് തലങ്ങളില്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. 2018-ലെ റഷ്യന്‍ ലോകകപ്പ് കഴിയുന്നതോടെ 2022 ലോകകപ്പിന്റെ പ്രമോഷണല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഇന്ത്യയില്‍ നിരവധി പ്രമോഷണല്‍ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.

2022 ലോകകപ്പ് ടൂര്‍ണമെന്റിലൂടെ ഇന്ത്യക്ക് മികച്ച സാമ്പത്തിക നേട്ടം കൈവരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ലാഴ്‌സണ്‍ ആന്‍ഡ് ടുബ്രോ (എല്‍ ആന്‍ഡ് ടി) ലോകകപ്പ് പദ്ധതികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി ഉപകരാറുകള്‍ക്കുള്ള അവസരങ്ങളുമുണ്ട്. അടുത്ത കായിക സാങ്കേതികവിദ്യയുടെ കേന്ദ്രമായി മാറാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്നും കായികവ്യവസായത്തെ കായിക സമ്പദ് വ്യവസ്ഥയുടെ പ്രധാന ഭാഗമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഖത്തറെന്നും അദ്ദേഹം പറഞ്ഞു.