ദോഹ: മീന്‍, ചെമ്മീന്‍ വളര്‍ത്തല്‍ ഫാമുകള്‍ തുടങ്ങാന്‍ സാമ്പത്തിക വാണിജ്യമന്ത്രാലയം പൊതു ടെന്‍ഡറുകള്‍ ക്ഷണിച്ചു.

ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായാണ് മീന്‍, ചെമ്മീന്‍ വളര്‍ത്തല്‍ ഫാമുകള്‍ തുടങ്ങുന്നത്. അരീഷ് തീരമേഖലയില്‍ ഒരു ചെമ്മീന്‍ഫാമും രണ്ട് മീന്‍വളര്‍ത്തല്‍ ഫാമും തുടങ്ങാനാണ് ടെന്‍ഡറുകള്‍ ക്ഷണിച്ചിരിക്കുന്നത്. എല്ലാ മേഖലകളിലും സ്വയംപര്യാപ്തത കൈവരിക്കണമെന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ് നടപടി.

ടെന്‍ഡര്‍ സമര്‍പ്പിക്കുന്നവര്‍ മീന്‍വളര്‍ത്തല്‍ ഫാമിനായി 25,000 റിയാലിന്റെയും ചെമ്മീന്‍വളര്‍ത്തലിനായി 30,000 റിയാലിന്റെയും ബാങ്ക് ഡെപ്പോസിറ്റ് നല്‍കണം. ടെന്‍ഡര്‍ അപേക്ഷകള്‍ക്ക് അനുമതി ലഭിച്ചാല്‍ അപേക്ഷകന്റെ ബാങ്കില്‍ 20 ലക്ഷം റിയാലിന്റെ നിക്ഷേപം ഉണ്ടായിരിക്കണം.

രണ്ട് മീന്‍വളര്‍ത്തല്‍ ഫാമുകളിലുമായി പ്രതിവര്‍ഷം ആറായിരം ടണ്‍ മീന്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൂട് ഫാമിങ്ങിലൂടെയാണ് ഉത്പാദനം ലക്ഷ്യമിടുന്നത്. തുടങ്ങി 36 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണതോതില്‍ ഉത്പാദനം സാധ്യമാക്കാനാണ് ലക്ഷ്യം. പദ്ധതിക്കായി വടക്കന്‍തീരത്ത് 180 ഹെക്ടറും ഉള്‍മേഖലയിലായി 20,000 ചതുരശ്രമീറ്റര്‍ സ്ഥലവുമാണ് അനുവദിച്ചിരിക്കുന്നത്. അരീഷ് മേഖലയിലെ ചെമ്മീന്‍ഫാമില്‍ പ്രതിവര്‍ഷം ആയിരം ടണ്‍ ചെമ്മീനാണ് ഒഴുകുന്ന കൂടുകളില്‍ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. 42 മാസത്തിനുള്ളില്‍ പൂര്‍ണതോതില്‍ ഉത്പാദനം സാധ്യമാകും. ചെമ്മീന്‍ഫാമിനായി 111 ഹെക്ടറാണ് അനുവദിച്ചിരിക്കുന്നത്.