ദോഹ: ആംബുലന്‍സ് കടന്നു വരുന്ന വിവരം സമീപത്തുള്ള വാഹനങ്ങളെ മുന്‍കൂട്ടി അറിയിക്കുന്നതിനുള്ള ആധുനിക സംവിധാനത്തിന്റെ പരീക്ഷണം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു. ആംബുലന്‍സ് വരുന്ന കാര്യം എഫ്എം റേഡിയോ വഴി അറിയിക്കുന്ന സംവിധാനമാണ് പരീക്ഷിക്കുന്നത്. 

ആംബുലന്‍സില്‍ നിന്ന് 300 മീറ്റര്‍ പരിധിയിലുള്ള കാറുകളിലേക്ക് സന്ദേശം കൈമാറാന്‍ ഈ സംവിധാനത്തിന് കഴിയും. കഴിഞ്ഞ വര്‍ഷങ്ങളില്‍ പരീക്ഷിച്ച മുന്നറിയിപ്പ് സംവിധാനത്തിന്റെ ഏറ്റവും ആധുനിക പതിപ്പാണ് ഇപ്പോഴത്തേത്. 

ആംബലന്‍സിലുള്ള ഡ്രൈവറോ ജീവനക്കാരനോ ഈ സംവിധാനം പ്രവര്‍ത്തിപ്പിച്ചാല്‍ സമീപത്തുള്ള കാറുകളില്‍ ആ സമയത്ത് പ്ലേ ചെയ്യുന്ന എഫ്എം ചാനല്‍ കട്ട് ആവുകയും 'ആംബുലന്‍സ് കടന്നുവരുന്നു, വഴി മാറുക' എന്ന സന്ദേശം റേഡിയോ വഴി കേള്‍ക്കുകയും ചെയ്യും. റേഡിയോയില്‍ ആ സമയത്ത് പ്ലേ ചെയ്യുന്ന ചാനലിന്റെ സ്വഭാവത്തിന് അനുസരിച്ച് ഇംഗ്ലീഷിലോ അറബിയിലോ ആയിരിക്കും സന്ദേശം ലഭിക്കുക.
 
അടിയന്തര സാഹചര്യത്തില്‍ എത്രയും വേഗം സേവനമെത്തിക്കുക എന്നത് ആംബുലന്‍സുകളെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്ന് എച്ച്എംസി ആംബുലന്‍സ് സര്‍വീസ് ഹെല്‍ത്ത് കെയര്‍ കോഓഡിനേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് റെയ്മാന്‍ പറഞ്ഞു. ആംബുലന്‍സ് സേവനം എത്രയും വേഗത്തില്‍ എത്തിക്കുന്ന കാര്യത്തില്‍ 2011-2016 ദേശീയ ആരോഗ്യ നയത്തില്‍ ലക്ഷ്യമിട്ടതിന്റെ അപ്പുറത്തേക്ക് കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ കടക്കാന്‍ സാധിച്ചിട്ടുണ്ട്. ആംബുലന്‍സ് സേവനത്തിലേക്ക് വരുന്ന വിളികള്‍ക്ക് കുറേക്കൂടി വേഗത്തിലും കാര്യക്ഷമമായും പ്രതികരണം ലഭ്യമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് തങ്ങളെന്ന് റെയ്മാന്‍ പറഞ്ഞു. പുതിയ മുന്നറിയിപ്പ് സംവിധാനം കടുത്ത ഗതാഗതക്കുരുക്കുകളിലൂടെ എളുപ്പത്തില്‍ ആംബുലന്‍സുകള്‍ക്കു കടന്നുപോവാന്‍ വഴിയൊരുക്കും.