ദോഹ: 2022 ഫിഫ ലോക കപ്പിനായി ഒരുങ്ങുന്ന ഖത്തറിലെ അല്‍ബൈത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലേക്കു കടക്കുന്നു. സ്റ്റേഡിയത്തിന്റെ പുറത്തുനിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങള്‍ ലോക കപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പുറത്തുവിട്ടു.

സ്റ്റേഡിയത്തിനു ചുറ്റം ചെടികളും പുല്ലും വച്ചുപിടിപ്പിക്കുന്നതും മറ്റു സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തികളും ഏറെക്കുറെ പൂര്‍ത്തിയാക്കിയ രൂപത്തിലുള്ളതാണ് ചിത്രങ്ങള്‍. ചുറ്റുമുള്ള ജലാശയങ്ങളും പച്ചപ്പും അതിമനോഹര കാഴ്ച്ചയാണ് സമ്മാനിക്കുന്നത്.

പ്രാദേശികമായി നിര്‍മിച്ച 60,000 കസേരകള്‍ സ്ഥാപിക്കുന്ന പണി പൂര്‍ത്തിയായിട്ടുണ്ട്. സ്റ്റേഡിയത്തിന് അകത്തെ മിനുക്കുപണികളും പൂര്‍ത്തിയായി വരുന്നു. ലോക കപ്പിനായി കളിക്കാര്‍ കയറിവരേണ്ട തുരങ്കവും ഒരുങ്ങിയിട്ടുണ്ട്. പുറത്ത് നിരവധി മരങ്ങളും വിശാലമായ സ്ഥലത്ത് പച്ചപ്പുല്ലും വച്ചുപിടിപ്പിച്ചു കഴിഞ്ഞു. ഒപ്പം മനോഹരമായ രൂപഭംഗിയോടുകൂടിയ നിരവധി തടാകങ്ങളും ജലധാരകളും ഒരുക്കിയിട്ടുണ്ട്.

സ്റ്റേഡിയത്തിന്റെ സ്റ്റീല്‍ കൊണ്ടുള്ള മേല്‍ക്കൂരയുടെ പണി പൂര്‍ത്തിയായതായി സുപ്രീം കമ്മിറ്റി വെബ്സൈറ്റില്‍ അറിയിച്ചു. ഖത്തര്‍ പൈതൃകത്തിന്റെ ഭാഗമായ ടെന്റുകളുടെ രൂപത്തില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ മുഖപ്പും പൂര്‍ത്തിയായിട്ടുണ്ട്.

മനോഹരമായ ടെന്റിനകത്തേക്കു കയറുന്ന പ്രതീതി ജനിപ്പിക്കുന്ന അല്‍ഖോറിലെ അല്‍ബൈത്ത് സ്റ്റേഡിയം കാണികള്‍ക്ക് കളിയേക്കാള്‍ വലിയ കാഴ്ച്ചയാവുമെന്നാണു പ്രതീക്ഷിക്കുന്നത്. ലോക കപ്പിന്റെ സെമിഫൈനലുകള്‍ വരെയുള്ള മല്‍സരങ്ങള്‍ ഈ സ്റ്റേഡിയത്തില്‍ നടക്കും. ഖത്തറിലെയും ഗള്‍ഫ് മേഖലയിലെയും നാടോടികള്‍ ഉപയോഗിച്ചിരുന്ന ബൈത്ത് അല്‍ശആര്‍ എന്ന പേരില്‍ നിന്നാണ് സ്റ്റേഡിയത്തിന്റെ അല്‍ബൈത്ത് എന്ന പേര് വന്നത്.