ദോഹ: കോവിഡ് കാലത്ത് വിമാന യാത്ര സാധ്യമാകാത്തവര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു നല്‍കുന്നത് സംബന്ധിച്ച് എയര്‍ ഇന്ത്യയുടെ വിചിത്ര നിലപാ ടില്‍ കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. ടിക്കറ്റ് തുക പൂര്‍ണമായും തിരിച്ചു നല്‍കണമെന്ന സുപ്രീം കോടതി വിധി ഉണ്ടായിരിക്കെ യാത്രാ തീയതി മാറ്റി നല്‍കലാണ് എയര്‍ ഇന്ത്യയുടെ റീഫണ്ട് പോളിസിയെന്ന ന്യായം പറഞ്ഞു ഇതില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് തികഞ്ഞ അനീതിയാണ്. കൂടാതെ പകരം നല്‍കുന്ന ടിക്കറ്റിനുള്ള അധികം ചാര്‍ജ്ജ് യാത്രക്കാരില്‍ നിന്ന് ഈടാക്കുകയും കുറവാണെങ്കില്‍ തിരിച്ചു നല്‍കാതിരിക്കുകയും ചെയ്യുന്നു.

കാലങ്ങളായി വിമാന ചാര്‍ജ്ജിന്റെ പേരില്‍ പ്രവാസികളെ കൊള്ളയടിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണിത്. വിഷയത്തില്‍ സര്‍ക്കാര്‍ സത്വരമായി ഇടപ്പെട്ട് പ്രവാസികള്‍ക്ക് നീതി നല്‍കാന്‍ തയ്യാറാവണമെന്നും സെക്രറ്ററിയേറ്റ് ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ഡോ: താജ് ആലുവ അധ്യക്ഷത വഹിച്ചു. മുഹമമ്മദ് കുഞ്ഞി, ആബിദ സുബൈര്‍, സുഹൈല്‍ ശാന്തപുരം, ചന്ദ്രമോഹന്‍, മുനീഷ്, മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു.