ദോഹ: ജോലി സ്ഥലത്ത് വെച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ പാലക്കാട് മണ്ണാര്‍ക്കാട് കാരകുര്‍ശി സ്വദേശി ഉമറുല്‍ ഫാറുഖിനെ നാട്ടിലേക്ക് കൊണ്ടുപേയി. ഒരു വര്‍ഷം മുമ്പ് ഖത്തറില്‍ തൊഴില്‍ തേടി എത്തിയ ഫാറൂഖ് ഒരു നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യവെ സിമന്റ് ബ്‌ളോക് തലയില്‍ വീണ് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ശരീരത്തിന്റെ ചലനശേഷിയും ബോധവും നഷ്ടപ്പെട്ട ഫാറൂഖ് മാസങ്ങളായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അടുത്ത ബന്ധുക്കളായി ആരും ഖത്തറിലില്ലായിരുന്ന ഫാറൂഖിന്റെ ചികില്‍സയിലും ഇന്‍ഷൂര്‍ ലഭ്യമാക്കുന്നതിലും കള്‍ച്ചറല്‍ ഫോറം ജനസേവന വിഭാഗം നടത്തിയ ഇടപെടല്‍ സഹായകമായി. കഴിഞ്ഞ ദിവസം കരിപ്പൂരിലേക്കുളള വിമാനത്തില്‍ ഹമദ് ആശുപത്രിയിലെ നേഴ്‌സിനും സഹോദരന്‍ അബ്ദുസ്സലാമിനുമൊപ്പം 23 വയസ്സ് മാത്രം പ്രായമായ ഫാറൂഖിനെ അബോധാവസ്ഥയില്‍ തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ട് പോയി.

അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട് ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും കള്‍ച്ചറല്‍ ഫോറം ന്യായമായ നഷ്ടപരിഹാരം നേടിക്കൊടുക്കുകയും ചെയ്തു. ഫാറുഖിന്റെ കമ്പനിയുടെ സഹായത്തോടെ സഹോദരന്‍ അബ്ദുസ്സലാമിനെ നാട്ടില്‍ നിന്നും ഖത്തറിലെത്തിച്ചു കൊണ്ടാണ് കേസും ഇന്‍ഷൂറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തിയത്. അതിനിടെ ഫറുഖിന്റെ പിതാവ് കുഞ്ഞമ്മദിനും ഖത്തര്‍ സന്ദര്‍ശിക്കാനും മകനെ കാണാനും കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ സൗകര്യമൊരുക്കിയിരുന്നു. ഹമദ് ആശുപത്രിയില്‍ മാസങ്ങളായി നടത്തിയ ചികിത്സയെ തുടര്‍ന്ന് നേരിയ പുരോഗതിയുണ്ടെങ്കിലും മാസങ്ങളുടെ തുടര്‍ ചികിത്സ വേണ്ടിവരുമെന്നാണ് മെഡിക്കല്‍ രംഗത്തുളളവര്‍ പറയുന്നത്.

കള്‍ച്ചറല്‍ ഫോറം നല്‍കിയ പിന്തുണയാണ് ഏറെ സഹായകമായതെന്നും താങ്ങായി നിന്ന കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകര്‍ക്കരോട് ഏറെ നന്ദിയുണ്ടെന്നും കള്‍ച്ചറല്‍ ഫോറം ഓഫീസ് സന്ദര്‍ശിച്ച സഹോദരന്‍ അബ്ദുസ്സലാം പറഞ്ഞു. ഒപ്പം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫാറൂഖിന് ആവശ്യമായ ചികിത്സ നല്‍കിയ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്കും അബ്ദുസ്സലാം നന്ദി പറഞ്ഞു. ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി സി. സാദിഖലി, ജനസേവന വിഭാഗം ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞി, ജനസേവന വിഭാഗം പ്രവര്‍ത്തകരായ അലി മാഹി, ഫാസില്‍ കണ്ണൂര്‍, സൈനുദ്ധീന്‍ നാദാപുരം, കള്‍ച്ചറല്‍ ഫോറം പാലക്കാട് ജില്ലാ ഭാരവാഹികളായ ഷെരീഫ് ആലത്തൂര്‍, മുഹ്‌സിന്‍, മുഹമ്മദലി, ജലീല്‍, മാപ്പ് ഖത്തര്‍ പ്രസിഡന്റ് ഹൈദരലി തുടങ്ങിയവര്‍ പങ്കെടുത്തു.

ഫാറൂഖിന്റെ കുടുംബത്തിന്റെ ദൈനദിന ചിലവിലേക്കായി പ്രതിമാസം ചെറിയ തോതിലുളള സാമ്പത്തിക സഹായം നല്‍കി വരുന്നതായി മാപ്പ് ഖത്തര്‍ പ്രസിഡന്റ് അറിയിച്ചു. കള്‍ച്ചറല്‍ ഫോറം നത്തിയ ഇടപെടലിലൂടെ ന്യായമായ നഷ്ടപരിഹാരം ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും ലഭ്യമാക്കാന്‍ സാധിച്ചതായി കള്‍ച്ചറല്‍ ഫോറം ജനസേവന വിഭാഗം ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞി പറഞ്ഞു. ഇത്തരം കേസുകളില്‍ കൃത്യമായ ഇടപെടല്‍ നടന്നാല്‍ അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.