ദോഹ: ആകാശത്ത് വിസ്മയം തീര്‍ത്ത പത്താമത് അല്‍ഖോര്‍ ആകാശ പ്രദര്‍ശനം സമാപിച്ചു. രണ്ട് ദിനം നീണ്ട വ്യോമാഭ്യാസ പ്രകടനം കാണാനായി കുടുംബങ്ങളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് അല്‍ഖോറിലെ എയര്‍ഫീല്‍ഡിലെത്തിയത്. സിവില്‍ വ്യോമയാന അതോറിറ്റിയാണ് ആകാശ പ്രദര്‍ശത്തിന്റെ സംഘാടകര്‍. വെള്ളിയാഴ്ച ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസ്സിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

ഖത്തറിലേയും മറ്റ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നുമായി ഫ്‌ളൈയിങ് ക്ലബ്ബുകളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. സ്വകാര്യ ജെറ്റ് ഉടമകളുടേയും വാണിജ്യ വ്യോമയാന കമ്പനികളുടേയും ചെറുതും ഇടത്തരവുമായ അറുപതോളം വിമാനങ്ങളായിരുന്നു പ്രദര്‍ശനത്തിലെ ആകര്‍ഷണീയത. എയറോബാറ്റിക്, പാരാമോട്ടോര്‍ ഷോ, ജൈറോകോപ്ടര്‍, ഫോര്‍മേഷന്‍ ഫ്‌ളൈയിങ് ഷോ തുടങ്ങി നിരവധി പ്രകടനങ്ങളാണ് നടന്നത്. ചെറു വിമാനങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ആകാശയാത്രക്കും അവസരം നല്‍കിയിരുന്നു. വിമാനങ്ങള്‍ക്കൊപ്പം ചിത്രങ്ങളെടുക്കാനും പൈലറ്റുമാരുമായി സംസാരിക്കാനും സന്ദര്‍ശകര്‍ക്ക് അനുവാദം നല്‍കിയിരുന്നു.

വ്യോമയാന മേഖലയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക ലക്ഷ്യമിട്ടാണ് എല്ലാവര്‍ഷവും ആകാശ പ്രദര്‍ശനം നടത്തുന്നത്. എല്ലാവര്‍ഷവും ആയിരക്കണക്കിന് സന്ദര്‍ശകരാണ് പ്രദര്‍ശനം കാണാനെത്തുന്നത്. ഇത്തവണയും പരമ്പരാഗത നൃത്തങ്ങളും കലാ സാംസ്‌കാരിക, വിനോദ പരിപാടികളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരുന്നു.