ദോഹ: ഖത്തറില്‍ മാളുകളും ഷോപ്പിങ് സെന്ററുകളും തിങ്കളാഴ്ച്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. രാവിലെ 8 മുതല്‍ രാത്രി 8വരെയായിരിക്കും പ്രവര്‍ത്തി സമയമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളില്‍ അടച്ചിടും. കര്‍ശന നിയന്ത്രണത്തോട് കൂടിയായിരിക്കും മാളുകളും ഷോപ്പിങ് സെന്ററുകളും പ്രവര്‍ത്തിക്കുക.
മാളുകളുടെ മൊത്തം ശേഷിയുടെ 30 ശതമാനം മാത്രമേ തുറക്കാവൂവെന്ന് ഖത്തര്‍ വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇഹ്തിറാസ് ആപ്പില്‍ ഗ്രാന്‍ സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ. മാസ്‌ക്ക് നിര്‍ബന്ധമാണ്. 12 വയസ്സില്‍ താഴയുള്ളവരെയും 60 വയസ്സിന് മുകളില്‍ ഉള്ളവരെയും പ്രവേശിപ്പിക്കില്ല. മാളുകള്‍ക്കുള്ളിലുള്ള വിനോദ കേന്ദ്രങ്ങളോ പ്രാര്‍ഥനാ ഹാളോ തുറക്കില്ല.
ഷോപ്പിങ് സെന്ററുകളില്‍ 300 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വ്യാസമുള്ള ഷോപ്പുകള്‍ മാത്രമേ തുറക്കാന്‍ പാടുള്ളു. നാലുഘട്ടങ്ങളിലായാണ് ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത്. അതിന്റെ ആദ്യ ഘട്ടമാണ് തിങ്കളാഴ്ച്ച ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 500ഓളം മസ്ജിദുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
Content Highlights: Malls and shopping centres in Qatar will be open from Monday