ദോഹ: പ്രമുഖ യുവജന സംഘടനയായ ഫോക്കസ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോ പ്രകാശനം ചെയ്തു. യുവാക്കളുടെ ചടുലതയും കര്‍മ്മശേഷിയും സക്രിയമായി ഉപയോഗിക്കുക വഴി സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്ന ലക്ഷ്യത്തില്‍ 2005 ല്‍ ഖത്തറിലാണ് ഫോക്കസ് ഖത്തര്‍ എന്ന പേരില്‍ സംഘടന രൂപീകരിക്കപ്പെട്ടത്. പിന്നീട് സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, യുഎഇ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. ഫോക്കസ് സൗദി, ഫോക്കസ് കുവൈത്ത്, ഫോക്കസ് ഒമാന്‍, ഫോക്കസ് യു എ ഇ, ഫോക്കസ് ഇന്ത്യ എന്നിങ്ങനെ അതത് രാജ്യങ്ങളിലേക്ക് ചേര്‍ത്ത് പേരു നല്‍കിയിരുന്ന രീതി മാറി ഇന്റര്‍നാഷണല്‍ എന്ന ഒരു കുടക്കീഴിലേക്ക് മാറിയിരിക്കുകയാണ്. രൂപീകരിച്ച് പതിനാറു വര്‍ഷം തികയുന്ന വേളയിലാണ് 'ഫോക്കസ് ഇന്റര്‍നാഷണല്‍' എന്ന് റീബ്രാന്റ് ചെയ്യപ്പെട്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പതിനാറ് വര്‍ഷത്തെ ഉയര്‍ത്തിപ്പിടിച്ച് വിവിധ രാജ്യങ്ങളില്‍ നിന്ന് സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പതിനാറു പേരും ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പതിനാറ് പ്രഗത്ഭ വ്യക്തിത്വങ്ങളും അവരുടെ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ 2022 ജനുവരി 1 ന് ഗ്രീനിച്ച് സമയം 16:16 ന് 'ഫോക്കസ് ഇന്റര്‍നാഷണലി' ന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു. സെബ്രീന ലെയ്, അബ്ദുല്‍ ലത്തീഫ് ചാലിക്കണ്ടി, മുനവ്വറലി ഷിഹാബ് തങ്ങള്‍, വി ടി ബല്‍റാം, ഒ അബ്ദുല്ല, മുജീബ് റഹ്മാന്‍ കിനാലൂര്‍, സമീര്‍ ബിന്‍സി, സി ആര്‍ നീലകണ്ഠന്‍, ഫിലിം ഡയറക്ടര്‍ സകരിയ്യ, കെ എന്‍ സുലൈമാന്‍ മദനി തുടങ്ങി പ്രമുഖര്‍ ലോഗോ പ്രകാശനത്തില്‍ പങ്കാളികളായി. കൂടുതല്‍ രാജ്യങ്ങളിലേക്ക് ഫോക്കസ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.