കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് ആരോഗ്യ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ. രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നത്. കോവിഡ് ആരോഗ്യ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ ആറ് മാസത്തെ തടവോ, ആയിരം ദിനാര്‍ പിഴ ഈടാക്കുന്നതിനുമാണ് തീരുമാനം.
അതോടൊപ്പം സിവില്‍ സര്‍വീസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 60 അനുസരിച്ച് കോവിഡ് ആരോഗ്യ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കുറക്കുമെന്നും പിഴ ചുമത്തുമെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കുകയും ആവര്‍ത്തിക്കുകയാണെങ്കില്‍ ഒരു ദിവസത്തെ വേതനം വെട്ടിക്കുറക്കുന്നതിനുമാണ് സിവില്‍ സര്‍വീസ് കമ്മീഷന്റെ നിര്‍ദേശം.
കൂടാതെ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ജീവനക്കാരുടെ 15 ദിവസത്തെ വേതനം വരെ വെട്ടിക്കുറയ്ക്കുവാന്‍ ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കി.
അതേസമയം കോവിഡ് പ്രതിരോധ നടപടികള്‍ സ്വദേശികളും വിദേശികളും കര്‍ശനമായും പാലിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത ശിക്ഷ ലഭിക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.