ദോഹ: ഖത്തര്‍ റേഡിയോയുടെ വെബ്‌സൈറ്റ് ചൊവ്വാഴ്ച ഹാക്ക് ചെയ്തു. രാവിലെ അഞ്ചരയോടെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. വ്യാജവാര്‍ത്തകളും മറ്റും ഹാക്കര്‍മാര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍, ഹാക്ക് ചെയ്യപ്പെട്ട വിവരം വേഗത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് വെബ്‌സൈറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുകയും വ്യാജവാര്‍ത്തകള്‍ നീക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞമാസം ഖത്തര്‍ ടെലിവിഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമംനടന്നിരുന്നു. ഖത്തര്‍ മീഡിയ കോര്‍പ്പറേഷന്റെ കീഴിലെ സ്ഥാപനങ്ങളാണ് ഖത്തര്‍ റേഡിയോയും ഖത്തര്‍ ടെലിവിഷനും. ഇതിനിടെ ഇറാനിലെ അറബിക് ഭാഷാ വാര്‍ത്താശ്രംഖലയായ അല്‍ അലാം ന്യൂസിന്റെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടു. ഖത്തറില്‍ ഇറാന്റെ സൈനികത്താവളം സ്ഥാപിക്കാനുള്ള സാധ്യതയുണ്ടെന്ന വ്യാജവാര്‍ത്തകള്‍ ഹാക്കര്‍മാര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ജൂണ്‍ എട്ടിന് അല്‍ ജസീറയുടെ വെബ്‌സൈറ്റുകളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ഹാക്ക് ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു.

മേയ് 24-ന് ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വെബ്‌സൈറ്റും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. വെബ്‌സൈറ്റ് ഹാക്കിങ്ങില്‍ യു.എ.ഇ.യ്ക്ക് പങ്കുള്ളതായി കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടിനെക്കുറിച്ച് യു.എസ്. ഇന്റലിജന്‍സ് ഏജന്‍സികളായ സി.ഐ.എ.യും എഫ്.ബി.ഐയും പ്രതികരിച്ചില്ല.

ക്യു.എന്‍.എ.ഹാക്കിങ്ങില്‍ യു.എ.ഇ.യുടെ പങ്ക് വ്യക്തമാകുന്നുവെന്ന് ഖത്തര്‍ മീഡിയാ കോര്‍പ്പറേഷന്‍ സി.ഇ.ഒ. ശൈഖ് അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹമദ് അല്‍താനി പറഞ്ഞു.