'ഖത്തറിനെതിരെയുള്ള സമ്മർദങ്ങളും ഉപരോധങ്ങളുമെല്ലാം രമ്യമായി പരിഹരിക്കപ്പെടുമെന്ന് ലോകം പ്രതീക്ഷിക്കുന്നുണ്ട്. മധ്യസ്ഥശ്രമങ്ങളും അമേരിക്കയുടെ ഇടപെടലുമെല്ലാം ഇതിന് വഴിതുറക്കുമെന്നുതന്നെയാണ് പ്രത്യാശ'​

ലോകമാകെ ഉദ്വേഗത്തോടെയാണ് അറബ് മേഖലയിലെ പുതിയ സംഭവവികാസങ്ങളെ വീക്ഷിക്കുന്നത്. പെട്ടെന്നൊരുനാൾ അയൽപക്കക്കാരും സഹോദരങ്ങളുമെല്ലാം കൈയൊഴിഞ്ഞുപോയ ഒരു രാജ്യത്തിന്റെ ഞെട്ടലും നിരാശയും ഊഹിക്കാവുന്നതേയുള്ളൂ. അതെല്ലാം പരിഹരിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഖത്തർ.   

പ്രശ്നങ്ങളും ഉപരോധങ്ങളുമെല്ലാം എത്രയും പെട്ടെന്ന്  രമ്യമായി പരിഹരിക്കപ്പെടുമെന്ന് ലോകം പ്രതീക്ഷിക്കുന്നുണ്ട്. മധ്യസ്ഥശ്രമങ്ങളും അമേരിക്കയുടെ ഇടപെടലുമെല്ലാം ഇതിന് വഴിതുറക്കുമെന്നുതന്നെയാണ് എല്ലാവരുടെയും കണക്കുകൂട്ടൽ. ഇതിനായി കാത്തിരിക്കുന്നവരിൽ വലിയൊരു വിഭാഗം പ്രവാസികളാണ്. ഖത്തറിലെ ചെറിയ ചലനംപോലും മൊത്തത്തിൽ ഗൾഫ് രാജ്യങ്ങളിൽ പ്രത്യാഘാതമുണ്ടാക്കുമെന്ന തിരിച്ചറിവ് മറ്റാരെക്കാളും നന്നായി അവർക്കറിയാം. ഉപരോധനടപടികൾ തുടരുന്നതിനിടയിൽത്തന്നെ ചൊവ്വാഴ്ച മധ്യസ്ഥശ്രമങ്ങളുമായി കുവൈത്ത് അമീർ സൽമാൻ രാജാവിനെ കാണാനായി സൗദിയിലേക്ക് പോയിരിക്കുന്നത് എല്ലാവരിലും പ്രതീക്ഷയുണർത്തിയിട്ടുണ്ട്.

പേർഷ്യൻ ഗൾഫും സൗദി അറേബ്യയും അതിരിടുന്ന കൊച്ചുഭൂപ്രദേശം, മിഡിൽ ഈസ്റ്റിൽ അതിവേഗം  വികസനത്തിലേക്ക് കുതിക്കുന്ന രാജ്യം-അതാണ് ഖത്തർ. ആരോഗ്യം, സന്തോഷം, സുരക്ഷിതത്വം, ജീവിതനിലവാരം, ടൂറിസം, വ്യോമയാനം  തുടങ്ങിയ  മാനദണ്ഡങ്ങളിൽ അറബ് രാജ്യങ്ങളിൽ മുന്നിൽത്തന്നെ സ്ഥാനംപിടിച്ചിട്ടുണ്ട് ഖത്തർ. ഏഷ്യൻ ഗെയിംസ് വിജയകരമായി നടത്തിയും 2022-ലെ ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങളുടെ വേദിയായി തിരഞ്ഞെടുക്കപ്പെട്ടും യൂറോപ്പിനെവരെ അദ്‌ഭുതപ്പെടുത്തിയിട്ടുണ്ട് അവർ.  എന്നാൽ, അറബ്മേഖലയിൽ കുറച്ചുവർഷങ്ങളായി ചോരചിന്തുകയും അസ്വസ്ഥതപടർത്തുകയും ചെയ്യുന്ന ഇസ്‌ലാമിക ഭീകരപ്രസ്ഥാനങ്ങളെ ഖത്തർ സഹായിക്കുന്നെന്ന ആരോപണങ്ങളെ മുൻനിർത്തിയാണ് സൗദി അറേബ്യ, യു.എ.ഇ., ബഹ്‌റൈൻ, ഈജിപ്ത്, െയമെൻ, ലിബിയ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങൾ ആ രാജ്യവുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിച്ചിരിക്കുന്നത്. ജൂൺ അഞ്ച് തിങ്കളാഴ്ച പുലർച്ചെ ലോകം ഉണർന്നതുതന്നെ ഈ ഞെട്ടിക്കുന്ന വാർത്ത കേട്ടുകൊണ്ടാണ്.  

അസ്വാരസ്യങ്ങളുടെ കാരണങ്ങൾ
പശ്ചിമേഷ്യയിലെ രാഷ്ട്രീയവും അറബ്മേഖലയിലെ രാജ്യങ്ങളുടെ നിലപാടുകളുമെല്ലാം നിരവധി ഘടകങ്ങളാൽ സങ്കീർണമാണ്. മുസ്‌ലിം ബ്രദർഹുഡ് എന്ന ഏറ്റവും പഴക്കമേറിയ ഇസ്‌ലാമിക തീവ്രവാദി സംഘടനയാണ് ആദ്യമായി അറബ്മേഖലയിൽ അസ്വസ്ഥതയ്ക്ക് വഴിമരുന്നിട്ടത്. പിന്നീട് നിരവധി സംഘടനകൾ തീവ്രവാദ ആശയങ്ങളുമായി ഉദയംകൊണ്ടു. സിറിയപോലുള്ള രാജ്യങ്ങളിൽ അത് ആഭ്യന്തരസംഘർഷങ്ങളായി വളർന്നു. ലക്ഷക്കണക്കിന് അഭയാർഥികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടങ്ങളിൽനിന്ന്  ഇപ്പോഴും പലായനംചെയ്യുന്നത്. 

സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശവും തുടർന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള യുദ്ധവുമെല്ലാം ലോകത്തിന്റെ ഓർമകളിലുണ്ട്. സദ്ദാമിന്റെ കാലം കഴിഞ്ഞശേഷമാണ്  തീവ്രവാദം കൂടുതൽ തീക്ഷ്ണമായത്. അറബ് മേഖലയിൽ പലപല കാരണങ്ങളാൽ പ്രശ്നങ്ങൾ ഉയർന്നുവന്നപ്പോഴും ഗൾഫ് രാജ്യങ്ങൾ ഒരു പരിധിവരെ സംഘടിതരായി നിന്നിട്ടുണ്ട്.   ഉടലെടുക്കാറുള്ള അസ്വാരസ്യങ്ങളാകട്ടെ അംഗരാഷ്ട്രങ്ങളുടെതന്നെ മധ്യസ്ഥതയിൽ ഒത്തുതീരാറുമുണ്ട്.  എങ്കിലും ഇപ്പോഴും ഖത്തർ വിഷയത്തിൽ കുവൈത്തും സുൽത്താനേറ്റ് ഓഫ് ഒമാനും  നിലപാട് വ്യക്തമാക്കിയില്ല എന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ കുവൈത്ത് പ്രശ്നപരിഹാരത്തിനായി  പരിശ്രമിക്കുന്നുണ്ട്. ബന്ധം വിച്ഛേദിച്ച നടപടിയെച്ചൊല്ലി ഖത്തർ അമീർ ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്നതും മാറ്റിവെച്ചത് കുവൈത്ത് അമീറിന്റെ അപേക്ഷ മാനിച്ചാണ്. ഖത്തറും കുവൈത്തും തമ്മിൽ കൂടുതൽ സൗഹൃദം നേരത്തേതന്നെയുണ്ട്. 

1981 മേയ് മാസത്തിൽ സൗദിയിലെ റിയാദിൽ രൂപമെടുത്ത ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) അംഗരാജ്യങ്ങളുടെ പ്രശ്നങ്ങളെല്ലാം  സംയമനത്തോടെതന്നെ കൈകാര്യംചെയ്തുവന്നിരുന്നു. എങ്കിലും അത് 2014-ൽ തുറന്ന ശീതയുദ്ധത്തിലേക്ക് കടന്നത് ഈ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്. ഖത്തറിൽനിന്ന് അംബാസഡർമാരെ  പിൻവലിച്ചായിരുന്നു അന്ന് സൗദിയും യു.എ.ഇ.യും ബഹ്‌റൈനുമെല്ലാം പ്രതിഷേധിച്ചത്. അന്നും കാരണം മുസ്‌ലിം ബ്രദർഹുഡിനെ ഖത്തർ സഹായിക്കുന്നുവെന്ന കാരണത്താലായിരുന്നു. കുവൈത്തിന്റെ മധ്യസ്ഥതയിലായിരുന്നു മാസങ്ങൾക്കുശേഷം പ്രശ്നം പരിഹൃതമായത്. ഇടക്കാലത്ത് ബഹ്‌റൈനിലും മറ്റും തീവ്രവാദി ഗ്രൂപ്പുകൾ തലപൊക്കിയപ്പോഴും സുന്നി-ഷിയാ സംഘർഷം  ഉണ്ടായപ്പോഴുമെല്ലാം ഗൾഫ് മേഖല പരമാവധി സുരക്ഷിതമാക്കിവെക്കാൻ എല്ലാവരുംശ്രമിച്ചു. പക്ഷേ, അപ്പോഴും ഖത്തറിന്റെ തണുത്ത സമീപനത്തിൽ മറ്റുള്ളവർക്ക് അതൃപ്തിയുണ്ടായിരുന്നു.  ബ്രദർഹുഡ്,  ഐ.എസ്. എന്നിവരോട് ഖത്തർ മൃദുസമീപനം പുലർത്തുന്നു എന്നതായിരുന്നു ഇതിന്റെ അടിസ്ഥാനം. ഖത്തർ ആസ്ഥാനമായുള്ള അൽ ജസീറ ചാനലിന്റെ പ്രവർത്തനവും മറ്റ് അംഗരാഷ്ട്രങ്ങൾക്ക് ദഹിച്ചിരുന്നില്ല.  

എന്നാൽ, ഇസ്‌ലാമിക് സ്റ്റേറ്റ്  അഥവാ ഐ.എസ്. എന്ന തീവ്രവാദസംഘടനയുടെ രംഗപ്രവേശമാണ് പ്രശ്നങ്ങൾ കുറേക്കൂടി വലുതാക്കുന്നത്. അമേരിക്കയുടെ സഹായത്തോടെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക സഖ്യസേനയിൽ നിരവധി രാജ്യങ്ങൾ അണിനിരന്നിട്ടുണ്ട്. അമേരിക്കയുടെ  ഒരു എയർബേസ് പ്രവർത്തിക്കുന്നതും ഖത്തറിലാണ്.  തീവ്രവാദപ്രവർത്തനത്തിനെതിരേ ശക്തമായി നിലകൊള്ളുമെന്ന്  പ്രശ്നങ്ങൾക്കിടയിലും ഖത്തർ പറയുന്നു. അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് ആദ്യ വിദേശപര്യടനം എന്നനിലയിൽ സൗദിയിലെത്തിയപ്പോൾ യു.എസ്.-ജി.സി.സി. ഉച്ചകോടിയിലും ഖത്തർ പങ്കെടുത്തിരുന്നു.  ഈ റിയാദ് ഉച്ചകോടിയുടെ തീരുമാനംപോലും ഖത്തർ അട്ടിമറിച്ചെന്നാണ് സൗദിയും യു.എ.ഇ.യും ബഹ്‌റൈനുമെല്ലാം ആക്ഷേപിക്കുന്നത്. അവിടെയാണ് പ്രശ്നം ഏറെ ഗൗരവതരമാകുന്നത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഖത്തറിനെതിരായ നീക്കമെന്ന് സൗദി, യു.എ.ഇ. മാധ്യമങ്ങളെല്ലാം വ്യക്തമാക്കുന്നുണ്ട്.  എന്നാൽ, അമേരിക്കൻ മാധ്യമങ്ങളുടെ വ്യാജപ്രചാരണമാണ് തങ്ങൾക്കെതിരായ നടപടിക്ക് വഴിതുറന്നതെന്നാണ് ഖത്തറിന്റെ നിലപാട്. 

ഇറാന്റെ നിലപാടും  പ്രവാസികളുടെ ആശങ്കകളും

കാര്യങ്ങൾ ഇത്തരത്തിൽ നീങ്ങുമ്പോൾ ഏറെ ആശങ്കയോടെ നിൽക്കുകയാണ് ഗൾഫ്-അറബ് നാടുകൾ.  വിപണി പരസ്പരം തുറന്നുകൊടുത്തുകൊണ്ട് എല്ലാ ഗൾഫ് നാടുകളും പലേടത്തും നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. പ്രവാസിമലയാളികളും ഇതിൽ ധാരാളമായുണ്ട്. അതിർത്തികൾ അടച്ചും കപ്പൽ-വിമാന സർവീസുകൾ റദ്ദാക്കിയും ശക്തമായ സൂചനയാണ് സൗദിയും യു.എ.ഇ.യും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തറിന് നൽകിയിരിക്കുന്നത്. എല്ലാ ഖത്തറി പൗരന്മാരോടും 14 ദിവസത്തിനകം രാജ്യം വിടണമെന്നും എല്ലാവരും നിർദേശിച്ചിട്ടുണ്ട്. ഇതെല്ലാം എല്ലായിടത്തെയും വ്യാപാരമേഖലയിൽ പ്രയാസങ്ങളുണ്ടാക്കുന്നു.

 അതിനിടെ, ഖത്തറിന് എപ്പോൾ വേണമെങ്കിലും 12 മണിക്കൂറിനകം ഭക്ഷണമെത്തിക്കാൻ തയ്യാറാണെന്ന് ഇറാൻ പറഞ്ഞിട്ടുണ്ട്. ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നും ഭക്ഷണസാധനങ്ങൾ ലഭ്യമാക്കാനും ഖത്തർ സംവിധാനമൊരുക്കിയിട്ടുണ്ട്. ഖത്തർവിപണിയിൽ എത്തുന്ന ഭക്ഷ്യോത്‌പന്നങ്ങളിൽ 40 ശതമാനവും സൗദിയിൽനിന്നാണ്. സൗദിവഴി ബഹ്‌റൈനും യു.എ.ഇ.യും ഇതുപോലെ ഖത്തറിൽ സാധനങ്ങൾ എത്തിക്കുന്നുണ്ട്. ജി.സി.സി. അംഗരാജ്യങ്ങൾ തമ്മിലുള്ള  പ്രശ്നങ്ങൾക്കിടയിൽ ഇറാന്റെ കടന്നുവരവ് കൂടുതൽ പ്രതിസന്ധിക്ക് കാരണമാവുമോ എന്ന് ആശങ്കപ്പെടുന്നവരും ധാരാളം.

നേരത്തേതന്നെ യു.എ.ഇ.ക്ക്  ഇറാനുമായി പ്രശ്നങ്ങളുണ്ട്. യു.എ.ഇ.യുടേതായ ചില ദ്വീപസമൂഹങ്ങളിൽ ഇറാൻ അവകാശം സ്ഥാപിച്ചതാണ് ബന്ധം വഷളാവാനുള്ള പ്രധാന കാരണം. ഹജ്ജ്കർമം അനുഷ്ഠിക്കുന്ന സൗദിയിലെ തിരുഗേഹങ്ങൾ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നുപറഞ്ഞ് സൗദിയുമായി ഇറാൻ ഗുസ്തിപിടിക്കുന്നുണ്ട്. രണ്ടുവർഷംമുമ്പുണ്ടായ ഹജ്ജ്ദുരന്തവേളയിൽ സൗദിയും ഇറാനും തമ്മിലുള്ള ശീതസമരം രൂക്ഷമായിരുന്നു.

ഒരുഘട്ടത്തിൽ ഇറാനിൽനിന്നുള്ള തീർഥാടകരെ സൗദി വിലക്കുകപോലുമുണ്ടായി. യു.എ.ഇ.യുടെയും സൗദിയുടെയും ഈ പ്രശ്നങ്ങളെല്ലാം നിലനിൽക്കെയാണ് ഇപ്പോൾ മാറ്റിനിർത്തപ്പെട്ടിരിക്കുന്ന ഖത്തറിന്റെ സഹായത്തിനായി ഇറാൻ എത്തിയിരിക്കുന്നതെന്നത്‌ പ്രശ്നത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. യാത്രാനുമതി നിഷേധിച്ചതിനാൽ ഇറാനുമുകളിലൂടെയാണ്  ഖത്തർ എയർവെയ്‌സിന്റെ വിമാനങ്ങൾ രണ്ടുദിവസമായി പറക്കുന്നത്. ഫലത്തിൽ ജി.സി.സി.യിലെ സംഘർഷത്തിൽ എണ്ണപകരുന്ന രീതിയിലുള്ള ഇറാന്റെ നടപടികളിലും സൗദിയും യു.എ.ഇ.യും അസ്വസ്ഥരാണ്. 

 എല്ലാംകൊണ്ടും പ്രശ്നസങ്കീർണമായ ഈ ദിവസങ്ങൾ എങ്ങനെ മറികടക്കുമെന്നതാണ്‌ രാഷ്ട്രനേതാക്കളുടെ ചിന്ത. എന്നാൽ, ഈ നടപടികളും ഉപരോധവുമെല്ലാം ഏതുരീതിയിലായിരിക്കും തങ്ങളെ ബാധിക്കുകയെന്നത് ഓരോ പ്രവാസിയും തീപിടിച്ച മനസ്സുമായി ആലോചിക്കുന്നു. ഗൾഫിന്റെ ഇന്നത്തെ സ്ഥിതിയെ മാറ്റിമറിക്കാൻ പോന്ന ഘടകങ്ങളെല്ലാം ഇതിൽ മറഞ്ഞിരിപ്പുണ്ട് എന്ന തിരിച്ചറിവിൽനിന്നാണ് ഈ ചിന്ത.