ദോഹ: വോളിബോൾ ലവിങ് ഇന്ത്യൻസ് ഇൻ ഖത്തർ (വോളിഖ്) ന്റെ സംഘാടനത്തിൽ സീഷോർ ഗ്രൂപ്പ്, സൂഖ് അൽ ബലാദി എന്നീ സ്ഥാപനങ്ങൾ  മുഖ്യപ്രായോജകരായ 'ജിംസ് കപ്പ് വോളിഖ് വോളി ഫെസ്റ്റ് - 2021 ' വോളിബോൾ ടൂർണമെന്റ്  നവംബർ 18 മുതൽ ഖത്തർ സ്പോർട്സ് സെന്ററിൽ നടക്കും.  ഗൃഹാതുരതയുണർത്തും വിധം നാട്ടിലെ പ്രമുഖ ക്ലബുകളുടെ പേരിലാണ് ദോഹയിലെ മിന്നും താരങ്ങളെ ഉൾപ്പെടുത്തി ടീമുകൾ രജിസ്റ്റർ ചെയ്യുന്നത്. 

നാട്ടിൽ യൂണിവേഴ്‌സിറ്റി, സ്റ്റേറ്റ്, നേഷണൽ ലെവൽ മത്സരങ്ങളിൽ കഴിവ് തെളിയിച്ച താരങ്ങളാണ്
ഉദയ മട്ടന്നൂർ, സ്വപ്ന ബാലുശ്ശേരി, ബ്രദേർസ് വാണിമേൽ, അർച്ചന പഴങ്കാവ്, ബ്രദേർസ് മൂലാട്, പനഗുഡി ഫ്രണ്ട്‌സ് എന്നീ ആറു ടീമുകൾക്ക് വേണ്ടി ദോഹയിൽ ജേഴ്‌സി അണിയുന്നത്.  അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഈ വോളി മേളയുടെ ആദ്യ ഘട്ടത്തിൽ ലീഗ് അടിസ്ഥാനത്തിലും പിന്നീട് നോക്ക് ഔട്ട് രൂപത്തിലുമായിരിക്കും മത്സരങ്ങൾ നടക്കുക.  ഖത്തർ വോളിബോൾ അസോസിയേഷൻ കോ‌ൺഫറൻസ് ഹാളിൽ നടന്ന വോളിഖ് ഭാരവാഹികളുടെ യോഗത്തിൽ ടൂർണമെന്റ് സംഘാടക സമിതി പ്രഖ്യാപിച്ചു. 

മുഹമ്മദ് ഈസ ചെയർമാനും മഹ്‌റൂഫ് മട്ടന്നൂർ വർക്കിങ് ചെയർമാനും മനോജ് കുമാർ ഓർഗനൈസിംഗ് കൺവീനറും ബഷീർ ടി ടി കെ ഫൈനാൻസ് കൺവീനറും ആഷിക്ക് മാഹി ടെക്നിക്കൽ കൺവീനറും , മുഹമ്മദ് നജീബ് (സ്പോൺസർഷിപ്പ്), ആഷിക്ക് അഹ്മദ് (പബ്ലിസിറ്റി) , ഹാരിസ് സി (റീഫ്രഷ്മെന്റ്), നജീബ് തൗഫീഖ് (ടീംസ് കോ ഓർഡിനേഷൻ), ആസാദ് അബ്ദുൽറഹ്മാൻ (റിസപ്‌ഷൻ), മുനീർ പയ്യന്തോങ് (വെന്യൂ & ലോജിസ്റ്റിക്), നസീം പുനത്തിൽ (ഒഫീഷ്യൽസ്) എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന  സംഘാടക സമിതിയാണ് നിലവിൽ വന്നത്. ആരോഗ്യ മന്ത്രാലയം അനുശാസിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഈ വോളിമേള സംഘടിപ്പിക്കുക.

Content Highlighs: jims cups voliq volley fest to start from november 18