ദോഹ: കഴിഞ്ഞ ദിവസം പുറത്തുവന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് ശക്തിപകരുമെന്ന് കള്‍ച്ചറല്‍ ഫോറം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ രാഷ്ട്രീയ മൂല്യങ്ങളെ വെല്ലുവിളിച്ച് മുന്നേറുന്ന ഫാഷിസ്റ്റ് ശക്തികളെ ജനം തിരസ്‌കരിക്കുന്നുവെന്നതിന്റെ  തെളിവാണ് തെരഞ്ഞെടുപ്പ് ഫലം.  കാര്‍ഷിക ഉല്‍പ്പങ്ങളുടെ വില തകര്‍ച്ച, തൊഴിലില്ലായ്മ പോലെ രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ ഒരു ഭരണ കൂടത്തിനും മുന്നോട്ട് പോകാന്‍ സാധ്യമല്ല. 

വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം പിടിക്കാനുളള ശ്രമത്തെയും ജനാധിപത്യ വിശ്വാസികള്‍ നിരസിച്ചിരിക്കുകയാണ്. ഈ ഫലം നല്‍കുന്ന ആത്മ വിശ്വാസത്തെ ശക്തിപ്പെടുത്താന്‍ കഴിയുന്ന വിശാല ജനാധിപത്യ സഖ്യം കൂടുതല്‍ കരുത്തോടെ നിലവില്‍ വരണമെന്നും കള്‍ച്ചറല്‍ ഫോറം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ശശിധര പണിക്കര്‍, റഷീദ് അഹമ്മദ്, മറ്റ് ഭാരവാഹികളായ മജീദ് അലി, സി. സാദിഖലി, ഗഫൂര്‍ ഏ.ആര്‍, സുന്ദരന്‍ തിരുവനന്തപുരം, മുഹമ്മദ് കുഞ്ഞി, അനീസ് മാള തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി അലവിക്കുട്ടി സ്വാഗതം പറഞ്ഞു.