ദോഹ: 2022ലെ ഫിഫ ലോക കപ്പുമായി ബന്ധപ്പെട്ട പദ്ധതികളില്‍ ആരോഗ്യ, സുരക്ഷാ രംഗത്ത് പുതിയ നേട്ടവുമായി സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി. ലോക കപ്പ് പദ്ധതികളില്‍ അപകട രഹിതമായ 15 ദശലക്ഷം പ്രവര്‍ത്തി മണിക്കൂറുകളാണ് സുപ്രീം കമ്മിറ്റി പൂര്‍ത്തിയാക്കിയത്.
10 ദശലക്ഷം മണിക്കൂറുകള്‍ അല്‍ തുമാമ സ്റ്റേഡിയത്തിലും 5 ദശലക്ഷം മണിക്കൂറുകള്‍ പരിശീലന കേന്ദ്രങ്ങളിലുമാണ് പൂര്‍ത്തിയായത്. ഈ കാലയളവില്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഹേതുവാകുന്ന രീതിയിലുള്ള ഒരു അകടവും രണ്ടു പദ്ധതികളിലും സംഭവിച്ചില്ല.
തൊഴിലാളി സുരക്ഷയുടെ കാര്യത്തിലുള്ള ഈ നേട്ടം സുപ്രീം കമ്മിറ്റിയും ബന്ധപ്പെട്ട കോണ്‍ട്രാക്ടര്‍മാരും ആഘോഷിച്ചു. മികവ് തെളിയിച്ച തൊഴിലാളികള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും നല്‍കി. തങ്ങള്‍ നടപ്പാക്കിയ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ മികച്ച ഫലം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുപ്രീം കമ്മിറ്റിയുടെ ആരോഗ്യ, സുരക്ഷാ മാനേജര്‍ അബ്ദുല്ല അല്‍ ബിഷ്രി പറഞ്ഞു.
നിലവില്‍ 3,500 തൊഴിലാളികളാണ് അല്‍തുമാമ സ്റ്റേഡിയം നിര്‍മാണ സ്ഥലത്ത് പണിയെടുക്കുന്നത്. സ്റ്റേഡിയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു ഡസനോളം പ്രാദേശിക കമ്പനികളാണുള്ളത്. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മല്‍സരങ്ങള്‍ നടക്കുന്ന ഈ സ്റ്റേഡിയത്തിന് 40,000 കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്.
അതേ സമയം, രണ്ട് ഖത്തരി കമ്പനികള്‍ കരാറെടുത്തിരിക്കുന്ന പരിശീലന കേന്ദ്രങ്ങളില്‍ 1,500 തൊഴിലാളികളാണ് പണിയെടുക്കുന്നത്.
Content Highlights: FIFA World cup Qatar