ദോഹ:  ഫോക്കസ് ഇന്‍റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സംഘടിപ്പിച്ച ഫോക്കസ് ഓണ്‍ ലീഡ്, ലീഡര്‍ഷിപ്പ് വര്‍ക്ക് ഷോപ്പ് നേതൃ പങ്കാളിത്തം കൊണ്ടും വ്യത്യസ്തമായ സെഷനുകള്‍ കൊണ്ടും ശ്രദ്ധേയമായി. കോളേജ് ഓഫ് നോര്‍ത്ത് അത്ലാന്‍റിക് - ഖത്തര്‍ (സി എന്‍ എ - ക്യൂ) ല്‍ വെച്ച് നടന്ന പരിപാടി പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ (ഐ സി സി) പ്രസിഡണ്ടുമായ പി എന്‍ ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളെ പക്വതയോടെയും ദീര്‍ഘവീക്ഷണത്തോടെയും മറികടക്കാന്‍ സാധിക്കുന്നവരായിരിക്കണം സമകാലിക ലോകത്തെ നേതൃനിര എന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി സംഘടനകള്‍ കോവിഡ് കാലത്തെ സങ്കീര്‍ണ്ണതകളെ അതിജീവിച്ചത് സഹനത്തോടെയും ഏറെ ത്യാഗം സഹിച്ചുമാണെന്നും അതുകൊണ്ടുതന്നെ മുഴുവന്‍ പ്രവാസി സംഘടനാ നേതൃത്വവും പ്രശംസക്ക് അര്‍ഹരാണ്. ലക്ഷ്യബോധത്തോടെ അണികളെ നയിക്കാന്‍ കഴിവുള്ളവരായിരിക്കണം നേതൃത്വം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഉരീദൂ വര്‍ക് ഫോഴ്സ് പ്ലാനിംഗ് സ്പെഷ്യലിസ്റ്റും മുന്‍ ഫോക്കസ് സി ഇ ഒ കൂടിയായിരുന്ന അഷ്ഹദ് ഫൈസി “ലീഡര്‍ഷിപ്പ് ത്രൂ ചെയ്ഞ്ച് മാനേജ്മെന്‍റ്” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. “ബി എ റിയല്‍ ലീഡര്‍” എന്ന വിഷയത്തില്‍ ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടും കെയര്‍ ആന്‍റ് ക്യുവര്‍ ചെയര്‍മാന്‍ ആന്‍റ് എം ഡി കൂടിയായ അബ്ദുല്‍ റഹിമാന്‍ ഇ പി ക്ലാസെടുത്ത് സംസാരിച്ചു. നേതാവ് നേതൃത്വം ഇസ്ലാമിക കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍ ജി സി സി ഇസ്ലാഹി കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനറും പ്രമുഖ പണ്ഡിതനുമായ കെ എന്‍ സുലൈമാന്‍ മദനി സംസാരിച്ചു.

പരിപാടിയില്‍ പങ്കെടുത്ത വിശിഷ്ടവ്യക്തികള്‍ക്ക് പ്രോഗ്രാം കമ്മറ്റി അംഗങ്ങള്‍ ഉപഹാരം നല്‍കി. ഫോക്കസ് ഇന്‍റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സി ഇ ഒ ഹാരിസ് പി ടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ സി ഒ ഒ അമീര്‍ ഷാജി, അമീനുര്‍റഹ്മാന്‍ എ എസ്, ഫഹ്സിര്‍ റഹ്മാന്‍, ഫസലുര്‍റഹ്മാന്‍ മദനി എന്നിവര്‍ സംസാരിച്ചു. സി എഫ് ഒ സഫീറുസ്സലാം, സെക്രട്ടേറിയേറ്റ് അംഗങ്ങളായ നാസര്‍ ടി പി, ഫാഇസ് എളയോടന്‍, മൊയ്ദീന്‍ ഷാ, റാഷിക് ബക്കര്‍, ഹമദ് ബിന്‍ സിദ്ധീഖ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.