ദോഹ: ഖത്തര്‍ സഹമന്ത്രിയും മുന്‍ സാംസ്കാരിക മന്ത്രിയുമായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയുടെ അലാ ഖദ്രി അഹ്ലില്‍ അസം എന്ന കൃതിയുടെ മലയാള വിവര്‍ത്തനമായ ഒരു അറബ് നയതന്ത്രജ്ഞന്റെ സാംസ്കാരിക വിചാരങ്ങള്‍ എന്ന പുസ്തക പ്രകാശന ചടങ്ങ് ഇന്തോ - ഖത്തര്‍ സാംസ്കാരിക വിനിമയത്തിന്റെ വേറിട്ട വേദിയായി. ഖത്തറിന്റെ സാംസ്കാരിക ആസ്ഥാനമായ കതാറ കള്‍ച്ചറല്‍ വില്ലേജില്‍ നടന്ന പ്രകാശന ചടങ്ങ് ഖത്തറിലെ സാമൂഹിക, സാംസ്കാരിക രാംഗങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന അറബ്, ഇന്ത്യന്‍ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹ്യ സാംസ്‌കാരിക വേദിയായ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയും കതാറയും സംയുക്തമായാണ് സവിശേഷമായ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.

ഗള്‍ഫ് മേഖലയിലെ ശ്രദ്ധേയനായ നയതന്ത്രജ്ഞനും സാമൂഹ്യ സാംസ്കാരിക വ്യക്തിത്വവുമായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയുടെ അറബിയിലുള്ള അലാ ഖദ്രി അഹ്ലില്‍ അസ്മ്' എന്ന പുസ്തകത്തിന്റെ ഏഴാമത്തെ ഭാഷാപരിഭാഷയാണ് മലയാളത്തില്‍ ഒരു അറബ് നയതന്ത്രജ്ഞന്റെ സാംസ്‌കാരിക വിചാരങ്ങള്‍' എന്ന പേരില്‍ പുറത്തിറങ്ങിയത്. ദോഹയിലെ എഴുത്തുകാരനും വിവര്‍ത്തകനുമായ ഹുസൈന്‍ കടന്നമണ്ണ മൊഴിമാറ്റം നടത്തിയ പുസ്തകം കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസാണ് പ്രസിദ്ധീകരിച്ചത്. കതാറ ജനറല്‍ സര്‍വീസ് വിഭാഗം മാനേജര്‍ ഹുസൈന്‍ അല്‍ ബാകിര്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലിന് ആദ്യ പ്രതി നല്‍കി പുസ്തകം പ്രകാശനം ചെയ്തു.

ഇന്ത്യയും ഖത്തറും തമ്മിലുള്ള നൂറ്റാണ്ടുകാലത്തിന്റെ സൗഹൃദ തുടര്‍ച്ചയാവാം ഖത്തറിനെ അടയാളപ്പെടുത്തുന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയെന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു. ഖത്തറിന്റെ ചരിത്രവും വര്‍ത്തമാനവുമെല്ലാം കൂടുതല്‍ ഇന്ത്യക്കാരിലെത്താന്‍ പുസ്തകം സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കൂടുതല്‍ ഇന്ത്യന്‍ ഭാഷകളില്‍ പുസ്‌കത്തിന് വിവര്‍ത്തനമുണ്ടാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദത്തിനും, അറിവു പങ്കുവെക്കലിനും അടിത്തറപാകുന്ന പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഹുസൈന്‍ കടന്നമണ്ണയേയും, പ്രസിദ്ധീകരിച്ച ഐ.പി.എച്ചിനേയും അതിന് വഴിയൊരുക്കിയ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയേയും അാംബാസഡര്‍ അഭിനന്ദിച്ചു.