ദോഹ: കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന അസീം ടെക്നോളജീസ് എക്‌സ്പാറ്റ്‌സ്  സ്പോര്‍ട്ടീവ് 2021-22 ന്  ഇന്റര്‍ ഡിസ്ട്രിക്ട് സെവന്‍സ്  ഫുട്ബാള്‍ ടൂര്‍ണമെന്റോടെ തുടക്കമായി. വിവിധ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ആറുമാസം നീണ്ടു നില്‍ക്കുന്ന പ്രവാസി കായിക മാമാങ്കത്തിലെ ആദ്യ ഇനമായ ഇന്റര്‍ ഡിസ്ട്രിക്ട് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കള്‍ച്ചറല്‍ഫോറം കോഴിക്കോട് ചാമ്പ്യന്മാരായി. 

പന്ത്രണ്ട് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ കാലിക്കറ്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെ പെനാല്‍റ്റി ഷൂട്ട്ഔട്ടിലൂടെ മറികടന്നാണ് കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ചാമ്പ്യന്മാരായത്. നേരത്തെ കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് ഡോക്ടര്‍ താജ് ആലുവ കിക്കോഫ് ചെയ്ത് ടൂര്‍ണമെന്റ്  ഉദ്ഘാടനം ചെയ്തു. മലപ്പുറം സ്‌പോര്‍ട്‌സ് ക്ലബ്, കള്‍ച്ചറല്‍ ഫോറം എറണാകുളം എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. സി.എന്‍.ക്യൂ. ഗ്രൗണ്ടില്‍ വെള്ളിയാഴ്ച പകലും രാത്രിയുമായി നടന്ന മത്സരങ്ങളില്‍ കള്‍ച്ചറല്‍ ഫോറം കണ്ണൂര്‍ ഫെയര്‍ പ്ലെ അവാര്‍ഡ് കരസ്ഥമാക്കി. 

തൃശ്ശൂര്‍ യൂത്ത് ക്ലബ്ബിന്റെ ഷെബിന്‍ അബ്ദുല്‍ കരീം ടോപ് സ്‌കോററും കള്‍ച്ചറല്‍ ഫോറം കോഴിക്കോട് താരങ്ങളായ ജുനൈസ്, ആഷിഖ് എന്നിവര്‍  യഥാക്രമം ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനും ഗോളിയുമായി തിരഞ്ഞെടുത്തു. 

വൈകീട്ട് നടന്ന സമാപനത്തില്‍, മുഖ്യാതിഥികളായ ഖത്തര്‍ ഫൗണ്ടേഷന്‍ എച്ച്.ആര്‍. ഹെഡ് ആദില്‍ മുതാര്‍ അല്‍നൈമി, കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ഡോക്ടര്‍ താജ് ആലുവ, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിങ് കമ്മറ്റി മെമ്പര്‍  സഫീര്‍ റഹ്മാന്‍, പരിപാടിയുടെ പ്രയോജകരായ റേഡിയോ മലയാളം 98.6 എഫ്.എം. സി.ഇ.ഒ. അന്‍വര്‍ വാണിയമ്പലം, ഏഷ്യന്‍ മെഡിക്കല്‍സ് മാര്‍ക്കറ്റിങ് മാനേജര്‍ റിനു ജോസഫ്, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി മജീദലി, മുനീഷ് എ. സി, സ്‌പോര്‍ട്‌സ് ആന്‍ഡ് ഹെല്‍ത്ത് വിങ് സെക്രട്ടറി തസീന്‍ അമീന്‍, സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ റഷീദ് അലി, അലവിക്കുട്ടി, ഗഫൂര്‍, സ്പോര്‍ട്ടീവ് കോര്‍ഡിനേറ്റര്‍മാരായ അനസ്, നിഹാസ് എന്നിവര്‍ സമ്മാനവിതരണം നടത്തി. 

ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകൃത കോച്ച് ആവാന്‍ ലൈസന്‍സ് നേടിയ ജാബിര്‍ തീര്‍ച്ചിലൊത്തിനെ മൊമെന്റോ നല്‍കി ആദരിച്ചു. ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ നിസ്താര്‍, റഹ്മത് കൊണ്ടോട്ടി, ഷബീബ് അബ്ദുല്‍ റസാഖ്, മര്‍സൂഖ്, ഹഫീസുള്ളാഹ്, ഷമീല്‍, അസീം, നബീല്‍, ബാസിത്, ഷിബിലി എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.