ദോഹ: പൂര്‍വ വിദ്യാര്‍ഥികള്‍ക്കായി 6 മാസം നീണ്ടുനില്‍ക്കുന്ന കായിക മത്സരങ്ങളുമായി ഖത്തറിലെ ഇന്ത്യന്‍ സ്കൂളായ എം. ഇ. എസ്. ഇന്ത്യന്‍ സ്കൂള്‍ അലൂംനി. ഒക്ടോബര്‍ 8ന് ആരംഭിക്കുന്ന സിറ്റി എക്സ്ചേഞ്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റോടെയാണ് പരിപാടികള്‍ ആരംഭിക്കുകയെന്ന് അലുംനി ഭാരവാഹികള്‍ അറിയിച്ചു. 16 ടീമുകള്‍ മാറ്റുരക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ മത്സരം 5 ആഴ്ച നീണ്ടുനില്‍ക്കും. നവംബര്‍ 5നായിരിക്കും അവസാനിക്കുക.

നവംബര്‍ അവസാനം നടക്കുന്ന ക്രിക്കറ്റ് മത്സരം, ഫെബ്രുവരിയില്‍ നടക്കുന്ന വോളി ബോള്‍, ത്രോ ബോള്‍, ഏപ്രിലില്‍ നടക്കാനിരിക്കുന്ന ഇ സ്‌പോര്‍ട്‌സ് , ബാറ്റ് മിന്റണ്‍ എന്നിവയാണ് ആസൂത്രണം ചെയ്ത പ്രധാന കായിക പരിപാടികള്‍.

എം. ഇ. എസ്. ഇന്ത്യന്‍ സ്കൂളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അലൂംനി പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി, ടൂര്‍ണമെന്റ് ചീഫ് നിഹാദ് അലി, വൈസ് പ്രസിഡന്റ് ഫാസില്‍ ഹമീദ്‌, ടൂര്‍ണമെന്റ് ടൈറ്റില്‍ സ്‌പോണ്‍സറായ സിറ്റി എക്‌സ്‌ചേഞ്ച് ഓപറേഷന്‍ മാനേജര്‍ ഷാനിബ് ശംസുദ്ധീന്‍ തുടങ്ങിയവർ പങ്കെടുത്തു.