ദോഹ: റമദാനിലെ മുഴുവന്‍ ദിനരാത്രങ്ങളിലും ഭക്ഷണപ്പൊതികളുമായി ലേബര്‍ ക്യാമ്പുകളിലെത്തി കള്‍ച്ചറല്‍ ഫോറം വളണ്ടിയര്‍  സംഘമായ ടീം വെല്‍ഫെയറും കള്‍ച്ചറല്‍ ഫോറം നടുമുറ്റത്തിലെ വനിതകളും.

റമദാനില്‍ ഇഫ്താറിനും അത്താഴത്തിനുമാവശ്യമായ ഭക്ഷണമാണ് നടുമുറ്റം വനിതകള്‍ വീടുകളില്‍ തയ്യാറാക്കുകയും ടീം വെല്‍ഫെയര്‍ വഴി ലേബര്‍ ക്യാമ്പുകളിലേക്കും എത്തിക്കുന്നത്.

ഇതിനു പുറമെ കോവിഡ് പോസിറ്റീവ് ആയ രോഗികള്‍ക്കും നടുമുറ്റം വനിതകളുടെ സഹകരണത്തോടെ ഭക്ഷണം തയ്യാറാക്കി ടീം വെല്‍ഫെയര്‍ അംഗങ്ങള്‍ വീടുകളിലും ക്വാറന്റൈന്‍ സെന്ററുകളിലും എത്തിച്ചു കൊടുക്കുന്നുണ്ട്.

കൂടാതെ പെരുന്നാള്‍ ദിനത്തില്‍ ഈദ് വിരുന്നായി നൂറ് ഭക്ഷണപ്പൊതികള്‍ ലേബര്‍ക്യാമ്പുകളിലേക്കായി നടുമുറ്റം പ്രവര്‍ത്തകര്‍ ഒരുക്കുന്നുണ്ട്. ദോഹയില്‍ മദിനത് ഖലീഫ, ഐന്‍ ഖാലിദ്, മതാര്‍ ഖദീം, ദോഹ, ബര്‍വ,  തുടങ്ങിയ ഏരിയകളിലെ  കോഡിനേറ്റര്‍മാര്‍ വഴിയാണ് ഭക്ഷണവിതരണം നടക്കുന്നത്. വിവിധ ഏരിയ കണ്‍വീനര്‍മാരായ സനിയ, ഇലൈഹി സബീല, ഹുമൈറ, സമീന, നജ്ല, നുഫൈസ, സകീന, കദീജാബി എന്നിവരാണ് അതാത് ഏരിയയിലെ  ഭക്ഷണ വിതരണത്തിന്  നേതൃത്വം വഹിക്കുന്നത്.

നടുമുറ്റം ഏരിയകള്‍ തയ്യാറാക്കിയ ഭക്ഷണ കിറ്റുകള്‍ ടീം വെല്‍ഫെയര്‍ വളണ്ടിയര്‍മാരായ അബ്ദുല്‍ നിസ്താര്‍, സഞ്ജയ് ചെറിയാന്‍, സിദ്ദീഖ് വേങ്ങര, സകീന അബ്ദുല്ല,ഫാത്തിമ തസ്‌നീം തുടങ്ങിവരുടെ നേതൃത്വത്തിലാണ്  ഏരിയകളുടെ വിവിധ കളക്ഷന്‍ പോയിന്റുകളില്‍ നിന്ന്  ശേഖരിച്ചു വിതരണം  ചെയ്യുന്നത്.