ദോഹ: കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങുന്നതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഖത്തര്‍ പോര്‍ട്ടല്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി ലഭിക്കുന്ന ഖത്തര്‍ ഐ.ഡിയുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് രാജ്യത്തേക്ക് മടങ്ങാനാവുക.

കമ്പനികള്‍ക്കും വ്യക്തികള്‍ക്കും അപേക്ഷിക്കാനുള്ള രണ്ട് വിഭാഗങ്ങളാണ് ഖത്തര്‍ പോര്‍ട്ടലില്‍ ഉള്ളത്. തൊഴിലുടമയ്‌ക്കോ സ്ഥാപനത്തിന്റെ ചുമതലക്കാര്‍ക്കോ ആണ് നാട്ടില്‍ കുടുങ്ങിയ റസിഡന്റ് വിസക്കാര്‍ക്ക് വേണ്ടി അപേക്ഷിക്കാനാവുക. നാട്ടിലുള്ള ഭാര്യയ്‌ക്കോ സ്‌പോണ്‍സര്‍ഷിപ്പിലുള്ള കുടുംബാംഗങ്ങള്‍ക്കോ വേണ്ടി വ്യക്തിപരമായും അപേക്ഷിക്കാവുന്നതാണ്.

ഖത്തര്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് പുതിയ അക്കൗണ്ട് ഉണ്ടാക്കുകയാണ് എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാനുള്ള ആദ്യ പടി. നിലവില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ അതുപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ് തുടര്‍ന്ന് പാസ്പോര്‍ട്ട് വിവരങ്ങളും ഇമെയില്‍ ഐഡിയും ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും നല്‍കണം. എന്‍ട്രി പെര്‍മിറ്റ് ലഭിച്ചു കഴിഞ്ഞാല്‍ അത് പ്രിന്റ് ചെയ്ത് ചെയ്തു സൂക്ഷിക്കണം. ഖത്തറിലേക്കു യാത്ര ചെയ്യുമ്പോള്‍ ഇത് വിമാനത്താവളത്തില്‍ കാണിക്കേണ്ടി വരും. എന്‍ട്രി പെര്‍മിറ്റിന്റെ കാലാവധി ഒരു മാസമാണ്. ഇതിനകം യാത്ര ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും പുതിയ അപേക്ഷ നല്‍കേണ്ടി വരും.

ഖത്തറിലേക്കു മടങ്ങുന്നവര്‍ പാസ്‌പോര്‍ട്ട്, എന്‍ട്രി പെര്‍മിറ്റ്, കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ്, ഖത്തര്‍ ഐഡി കാര്‍ഡ്, ക്വാറന്റീന് വേണ്ടി അംഗീകരിക്കപ്പെട്ട ഹോട്ടലില്‍ നിന്നുള്ള ക്വാറന്റീന്‍ അണ്ടര്‍ടേക്കിങ്, ഹോട്ടല്‍ റിസര്‍വേഷന്‍ കോപ്പി എന്നിവ കൈയില്‍ കരുതണം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഖത്തറില്‍ നിന്ന് 109 എന്ന നമ്പറിലോ നാട്ടില്‍ നിന്ന് +974 44069999 എന്ന നമ്പറിലോ വിളിക്കാവുന്നതാണ്.