ദോഹ: നാല്‍പ്പതു വര്‍ഷത്തെ പ്രവാസത്തിനു ശേഷം മരക്കാര്‍ മങ്കട നാട്ടിലേക്ക് മടങ്ങുന്നു. 1971 ഫെബ്രുവരിയില്‍ ബോംബെ, കറാച്ചി വഴി  ഖത്തറിലെത്തി ദോഹ മുനിസിപ്പാലിറ്റിയില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്ത അദ്ദേഹം വിവിധ സാമൂഹിക സംഘടനകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ഖത്തറിലെ ഇസ്ലാഹി പ്രബോധന രംഗത്ത് നിറഞ്ഞു നിന്നിരുന്ന മരക്കാര്‍ മങ്കടക്കുള്ള ഖത്തര്‍ കേരള ഇസ്ലാഹി സെന്ററിന്റെ ആദരം ഉമര്‍ ഫൈസി അദ്ദേഹത്തിനുള്ള യാത്രയയപ്പു ചടങ്ങില്‍ വെച്ചു സമ്മാനിച്ചു.

1983-84 കാലഘട്ടം മുതല്‍ ഇസ്ലാഹി സെന്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തിച്ചു വരുന്ന മരക്കാര്‍ മലപ്പുറം ജില്ലയിലെ മങ്കട ചേരിയം നിവാസിയാണ്. ഇസ്ലാഹി സെന്ററിന്റെ  കേന്ദ്ര എക്‌സിക്യുട്ടീവ് അംഗമായും സക്കാത്ത് സെല്‍, വളണ്ടിയര്‍ വിങ് തുടങ്ങി വിവിധ വകുപ്പുകളുടെ ചുമതലയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. നുഐജ, മുഗളിന, ശാര അസ്മക്ക്, ബിന്‍ മഹ്മൂദ്, ശാരാ കഹര്‍ബ, ദോഹ ജദീദ്, മന്‍സൂറ തുടങ്ങിയ പ്രദേശങ്ങള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രങ്ങളായിരുന്നു.

യോഗത്തില്‍ കെ ടി ഫൈസല്‍ സലഫി, മുജീബ് റഹ്മാന്‍ മിശ്കാത്തി, ഉസ്മാന്‍ വിളയൂര്‍, ഉമര്‍ സ്വലാഹി, ഖാലിദ് കട്ടുപ്പാറ, നൗഷാദ് സ്വലാഹി, ശംസുദ്ധീന്‍, അബ്ദുല്ലത്തീഫ്, താജുദ്ധീന്‍ നാലകത്ത്, അബ്ദുല്‍ വാഹിദ് ഹംസ എന്നിവര്‍ സംസാരിച്ചു. മരക്കാര്‍ മങ്കട മറുപടി പ്രസംഗം നടത്തി.