ദോഹ: അംഗരാജ്യങ്ങളുമായി നയപരമായ സംവാദത്തിനുള്ള മികച്ച അവസരമാണ് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) ഉച്ചകോടിയെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി.

ഉചിതമായ സമയത്താണ് ഉച്ചകോടി നടക്കുന്നത്. ജി.സി.സി. ഉച്ചകോടിക്ക് കാലതാമസം നേരിട്ടാൽ സൗദി സഖ്യരാജ്യങ്ങളുടെ മർക്കടമുഷ്ടിയും ഗൾഫ് പ്രതിസന്ധിയുടെ കാരണം ചർച്ചചെയ്യുന്നതിലുള്ള അവരുടെ കഴിവില്ലായ്മയുമാകും കാരണമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്‌സണുമായി ദോഹയിൽ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകോടി മാറ്റിവെച്ചതായി ഔദ്യോഗിക അറിയിപ്പുകളൊന്നും ഖത്തറിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

കൂട്ടായസുരക്ഷയ്ക്ക് ജി.സി.സി. പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്രവുമായി ബന്ധമില്ലാത്ത വംശീയതയും മതരാഷ്ട്രീയവത്കരണവുമാണ് ഉപരോധരാജ്യങ്ങൾ സ്വീകരിക്കുന്ന മാർഗങ്ങളെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിനും തീവ്രവാദത്തിനെതിരേയുള്ള പോരാട്ടത്തിനും നിലവിലെ ഉപരോധം തടസ്സം സൃഷ്ടിക്കുന്നുണ്ട്. കുവൈത്തിന്റെ മധ്യസ്ഥതയിൽ സംവാദത്തിന് രാജ്യം തയ്യാറാണെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

അതേസമയം, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംവാദത്തിനുള്ള താത്പര്യം പ്രകടിപ്പിച്ചില്ലെന്ന് ടില്ലേഴ്‌സണും വ്യക്തമാക്കി. സംവാദത്തിന് താത്പര്യമില്ലാത്തവരുടെമേൽ സമ്മർദം ചെലുത്താനാകില്ലെന്നും ടില്ലേഴ്‌സൺ പറഞ്ഞു. മേഖലയുടെ സ്ഥിരതയെ ഉപരോധം ബാധിക്കുമെന്ന ആശങ്കയും ടില്ലേഴ്‌സൺ പ്രകടിപ്പിച്ചു. ജി.സി.സി.യുടെ ഐക്യം പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈത്ത് അമീറിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥചർച്ചയ്ക്ക് എല്ലാവിധപിന്തുണയും അമേരിക്ക നൽകുമെന്നും ടില്ലേഴ്‌സൺ പറഞ്ഞു. തീവ്രവാദത്തിനെതിരേ പോരാടുന്നതിൽ ഖത്തറുമായി സഹകരിക്കുമെന്നും ടില്ലേഴ്‌സൺ വ്യക്തമാക്കി. 

തെക്കൻ ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് ദോഹയിലെത്തിയ ടില്ലേഴ്‌സൺ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായും കൂടിക്കാഴ്ചനടത്തിയിരുന്നു. അൽ ബഹർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഗൾഫ് പ്രതിസന്ധിയും മേഖലയിലേയും അന്തർദേശീയതലത്തിലേയും നിരവധിവിഷയങ്ങളും ഇരുവരും ചർച്ചചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, ഉഭയകക്ഷി ബന്ധവും സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ഇരുവരും ചർച്ചചെയ്തു. അമീറുമായും വിദേശകാര്യമന്ത്രിയുമായും നടത്തിയ കൂടിക്കാഴ്ചയിൽ സൗദി സംവാദത്തിന് സന്നദ്ധതപ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ടില്ലേഴ്‌സൺ വെളിപ്പെടുത്തി.